തിരുവനന്തപുരം :പൊലീസ് വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാലും പിഴ ഈടാക്കാൻ നിർദേശം. വാഹനം ഓടിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനാണ് നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ആണ് നിർദേശം നൽകിയത് (DGP Orders Police Who Violate Traffic Rules Will Be Pay Fine).
പൊലീസ് വാഹനങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നിർദേശം. നിയമലംഘനങ്ങൾക്ക് ഉദ്യോഗസ്ഥർ പിഴ അടച്ചതിന്റെ വിശദാംശങ്ങൾ 10 ദിവസത്തിനുള്ളിൽ അറിയിക്കണമെന്നും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ പണം ഇത്തരം നിയമലംഘനങ്ങൾക്ക് ചെലവാക്കാനാകില്ലെന്നും പിഴ അടച്ച ഉദ്യോഗസ്ഥരുടെ വിവരം സംസ്ഥാന തലത്തിൽ ശേഖരിച്ച് അറിയിക്കാനുമാണ് നിർദേശം.
നിയമം നടപ്പിലാക്കുന്ന ഏജൻസിയെന്ന നിലയിൽ പൊലീസിന് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യതയുണ്ടെന്ന് നിർദേശത്തിൽ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം നടന്ന എഐ കാമറകളുടെ അവലോകന യോഗത്തിൽ ഡിസംബര്‍ 1 മുതല്‍ പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. എഐ കാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഒക്ടോബർ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
58,29,926 എണ്ണമാണ് ഇതിൽ പരിശോധിച്ചവ. 23,06,023 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്തു. 2,103,801 ചെലാനുകൾ തയാറാക്കി. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ എഐ കാമറ പിടികൂടിയത്.