തിരുവനന്തപുരം : ഡിജിപി ഓഫിസ് മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം (Bail for KSU activists who clashed with police in DGP office march). റിമാൻഡിൽ കഴിയുന്ന പത്ത് കെഎസ്‌യു പ്രവർത്തകർക്കാണ് ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കെഎസ്‌യു (KSU) പ്രവർത്തകരായ സുദേവ്, ജാനിബ്, അബ്‌ദുൾ ലത്തീഫ്, സിജാഹ്, അനീസ്, ലിബിൻ, ജവാദ്, മുഹമ്മദ് റഷീദ്, റിസ്‌വാൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജി അഭിനിമോൾ രാജേന്ദ്രന്‍റേതാണ് ഉത്തരവ്. എല്ലാ ശനിയാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നീ ഉപധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഡിജിപി ഓഫിസിൽ നടന്ന മാർച്ചിൽ (DGP office march) പോലീസിനെതിരെ കെഎസ്‌യു പ്രവർത്തകർ ചീമുട്ടയും മുളക് പൊടിയും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. കേസിൽ പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കസ്റ്റഡി അപേക്ഷ കോടതി തള്ളുകയാണ് ഉണ്ടായത്.
എന്തിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് കോടതി ചോദിച്ചിരുന്നു. സംഘർഷത്തിൽ പൊലീസുകാരെ ആക്രമിക്കാനായി കെഎസ്‌യു പ്രവർത്തകർ ഉപയോഗിച്ച ചീമുട്ടയുടെയും മുളക് പൊടിയുടെയും ഉറവിടം മനസിലാക്കുന്നതടക്കമുള്ള കാര്യങ്ങൾക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്നായിരുന്നു പൊലീസ് കസ്റ്റഡി അപേക്ഷയിൽ നൽകിയത്.