തിരുവനന്തപുരം:കേസ് അന്വേഷണത്തിനും രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. പാസ്പോര്‍ട്ട് അപേക്ഷകള്‍ പരിശോധിക്കുന്നതിനും ഈ സംവിധാനം വിനിയോഗിക്കും. ഇതുവഴി പാസ്പോര്‍ട്ട് ലഭ്യമാകുന്നതിനുളള കാലതാമസം കുറയ്ക്കാനാകും. പൊലീസിന്‍റെ വിവിധ മേഖലകളില്‍ മറ്റ് സാങ്കേതിക വിദ്യകളും പ്രാവര്‍ത്തികമാക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ മേഖലാ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസ് അന്വേഷിക്കാൻ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് ഡിജിപി - block chain technology to investigate case
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ മേഖലാ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്റ
കേരളാ പൊലീസിലെ വിവിധ മേഖലകളില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് മികച്ച മുന്‍ഗണനയാണ് നല്‍കിവരുന്നത്. കഴിഞ്ഞ 12 വര്‍ഷമായി തുടര്‍ച്ചയായി നടക്കുന്ന 'കൊക്കൂണ്‍' എന്ന സൈബര്‍ സുരക്ഷാ സമ്മേളനം വിവിധ രാജ്യങ്ങളിലെ സാങ്കേതിക വിദഗ്‌ധര്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ഡിജിപി/ഐ ജി സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മേഖലാതലത്തില്‍ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് നടത്താന്‍ തീരുമാനിച്ചത്. ബ്ലോക്ക് ചെയിന്‍, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകള്‍, ഫോറന്‍സിക് ഡിജിറ്റല്‍ തെളിവുകള്‍ എന്നീ മേഖലകളിലെ വിദഗ്‌ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഇതോടനുബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
നാളെ സമാപിക്കുന്ന കോണ്‍ഫറന്‍സില്‍ ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുളള ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. കേരളത്തിലെ വിവിധ സൈബര്‍ പൊലീസ് യൂണിറ്റുകളില്‍ നിന്നുളള പൊലീസ് ഉദ്യോഗസ്ഥരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.