തിരുവനന്തപുരം: കൂടത്തായി കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിക്കാൻ തീരുമാനിച്ചെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. കേസ് വെല്ലുവിളി നിറഞ്ഞതാണെന്നും അതിനാല്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചതായും ഡിജിപി പറഞ്ഞു. മുഖ്യപ്രതി ജോളിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനു ശേഷമേ നുണ പരിശോധന അടക്കം വേണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ. നിലവിലെ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെങ്കിലും സാഹചര്യത്തെളിവുകള്‍ കണ്ടെത്തുന്നതിന് പല തലങ്ങളിലുള്ള സഹായം വേണ്ടി വരുമെന്നതിനാലാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നതെന്ന് ബെഹ്‌റ വ്യക്തമാക്കി.
കൂടത്തായി വെല്ലുവിളി; അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന് ലോകനാഥ് ബെഹ്റ - dgp talks about koodathayi murder
കൂടത്തായി കേസിലെ ഓരോ മരണത്തിലും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുമെന്നും ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞു.
വേണ്ടി വന്നാൽ വിദേശത്ത് വച്ച് രാസ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിന് കാല താമസം നേരിട്ടേക്കും. സംഭവവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള എല്ലാവരെയും വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഓരോ മരണത്തിലും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുമെന്നും കേസ് അന്വേഷണത്തിന്‍റെ രീതിയും രൂപ രേഖയും നാളെ മുതൽ മാറുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഫോൺ ചോർത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ഡിജിപി ലോകനാഥ് ബെഹ്റ നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമെന്നും നിയമ വിരുദ്ധമായി പൊലീസ് ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.