തിരുവനന്തപുരം :മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ, പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി ഗോഗുലത്ത് ലക്ഷ്മണ്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി ക്രൈം ബ്രാഞ്ച്.
കേസിന് മേല്‍നോട്ടം വഹിക്കുന്ന ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. പൊലീസ് മേധാവിയായി ചുമതലയേറ്റ ദിവസം പ്രവാസി സംഘടനാപ്രതിനിധി എന്ന നിലയില്‍ മോന്‍സണ്‍ സന്ദര്‍ശനത്തിന് അനുമതി തേടിയിരുന്നതായി ഡിജിപി അനില്‍കാന്ത് മൊഴി നല്‍കി.
അനുമതി നല്‍കിയ ഉടന്‍ വന്ന് പൂച്ചെണ്ടുനല്‍കി. ആ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഉടന്‍ നീക്കം ചെയ്യാന്‍ ഉത്തരവുനല്‍കിയെന്നും അനില്‍കാന്ത് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
READ MORE: പുരാവസ്തു തട്ടിപ്പ്: മോൻസനെ ക്രൈംബ്രാഞ്ച് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
യൂട്യൂബില്‍ പുരാവസ്തു ശേഖരം സംബന്ധിച്ച വീഡിയോ കണ്ട് താത്പര്യം തോന്നിയതിനാലാണ് മോന്‍സന്‍റെ മ്യൂസിയത്തില്‍ പോയതെന്നായിരുന്നു മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയുടെ മൊഴി. മ്യൂസിയത്തിന് സുരക്ഷ വേണമെന്ന് മോന്‍സണ്‍ അപേക്ഷ നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കി.
പ്രവാസി വനിതയായ അനിത പുല്ലയിലാണോ മോന്‍സണെ പരിചയപ്പെടുത്തിയതെന്നുപറയാന്‍ കഴിയില്ലെന്നും ബഹ്‌റ പറഞ്ഞു. ലോക്‌നാഥ് ബെഹ്‌റ ക്ഷണിച്ചതുകൊണ്ടാണ് താന്‍ ഒപ്പം പോയതെന്ന് മനോജ് എബ്രഹാം വിശദീകരിച്ചു.
പ്രവാസി സംഘടനാനേതാവെന്ന നിലയിലാണ് മോന്‍സണുമായി പരിചയപ്പെട്ടതെന്ന് ഐ.ജി ഗോഗുലത്ത് ലക്ഷ്മണ്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. മോന്‍സന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ ഇടപെട്ടതെന്നും തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ തിരുത്തിയെന്നും ലക്ഷ്മണ്‍ മൊഴി നല്‍കി.