'വീഴ്‌ചയുണ്ടായി'... ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് തിരുവനന്തപുരം : ശബരിമലയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായതില്‍ ചില വീഴ്‌ചകളുണ്ടായിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് (Travancore Devaswom Board President On Sabarimala Rush Crisis). എന്നാല്‍ അത് ഏതെങ്കിലും വകുപ്പിന്‍റെ തലയില്‍ ചാര്‍ത്താനില്ല. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് സുഗമമായ ദര്‍ശനം സാധ്യമാക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കടമയെന്നും പി എസ് പ്രശാന്ത് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംഭവിച്ച വീഴ്‌ചകള്‍ വകുപ്പ് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതനുസരിച്ച് വരുത്തേണ്ട മാറ്റങ്ങള്‍ ഉടനുണ്ടാകും. മുന്‍ വര്‍ഷങ്ങളിലും സമാന തിരക്കുണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ എന്തോ പുതിയ കാര്യം എന്ന നിലയില്‍ ഇതവതരിപ്പിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. ഇപ്പോഴത്തെ ബുദ്ധിമുട്ടുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ഉറപ്പുനല്‍കി.
നിലവിലെ ദര്‍ശന സമയം 17 മണിക്കൂറില്‍ നിന്ന് 18 മണിക്കൂറാക്കും (Sabarimala Darshan Timing). പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഉച്ചയ്‌ക്ക് 1 മണി വരെയും, വൈകിട്ട് മൂന്നു മണി മുതല്‍ രാത്രി 11 വരെയുമായിരിക്കും ദര്‍ശനം. വെര്‍ച്വല്‍ ക്യൂ ബുക്കിങ് (Virtual Que Booking) 90,000 ല്‍ നിന്ന് 80,000 ആയി ചുരുക്കി. ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന അയ്യപ്പ ഭക്തര്‍ക്ക് വലിയ നടപ്പന്തല്‍, ഡൈനാമിക് ക്യൂ കോംപ്ലക്‌സ് എന്നിവയില്‍ മതിയായ ചുക്കുവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യുന്നുണ്ട്. 42 ലക്ഷം ബിസ്‌കറ്റുകൾക്ക് കൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
Also Read:കഠിനം പൊന്നയ്യപ്പാ...ദർശനം ലഭിക്കാത്തവർ പന്തളത്ത് കെട്ടഴിച്ചു നെയ്യഭിഷേകം നടത്തി മടങ്ങുന്നു, ഭക്തർ സ്വയം നിയന്ത്രിക്കണമെന്ന് മന്ത്രി
ദിവസവും 23 മണിക്കൂര്‍ ഭക്തര്‍ക്ക് തേങ്ങയടിച്ച് പതിനെട്ടാം പടി കയറാന്‍ അനുവാദമുണ്ട്. അന്നദാന മണ്ഡപത്തില്‍ സുലഭമായി ഭക്ഷണ വിതരണം നടക്കുന്നു. അപ്പം, അരവണ പ്രസാദങ്ങള്‍ നല്‍കാന്‍ പതിനെട്ടാം പടിക്ക് സമീപം 10 കൗണ്ടറുകളും, മാളികപ്പുറത്തിന് സമീപം ആറ് കൗണ്ടറുകളും നിലവിലുണ്ട്. നെയ്യഭിഷേകത്തിനുള്ള കൂപ്പണ്‍ ഉള്‍പ്പെടെ ലഭ്യമാക്കാന്‍ പ്രത്യേക കൗണ്ടറുകളും സജ്ജമാക്കി.
ഇടത്താവളങ്ങളില്‍ ചുക്കുവെള്ളവും ലഘുഭക്ഷണവും ഒരുക്കി. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ (Sabarimala Vehicle Parking) ഐസിഐസിഐ ബാങ്കിന്‍റെ സഹകരണത്തോടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രചാരണ കോലാഹലങ്ങള്‍ രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടിയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഇടപെടല്‍ : ശബരിമല തീര്‍ഥാടനത്തില്‍ ജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങളൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കണം. ശബരിമലയിലെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് നവകേരള സദസിനിടെ തേക്കടിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അവലോകന യോഗത്തില്‍ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍, വനം മന്ത്രി എ കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവര്‍ നേരിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ്, കലക്‌ടര്‍മാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായും പങ്കെടുത്തു.
Also Read:ശബരിമലയില്‍ കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങളൊരുക്കണം; ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി