തിരുവനന്തപുരം: ശബരിമലയ്ക്ക് പ്രത്യേക ഭരണ സംവിധാനം വേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. പ്രത്യേക നിയമം വേണമെന്ന സുപ്രീംകോടതി നിര്‍ദേശത്തില്‍ ബോര്‍ഡ് എതിര്‍വാദം അറിയിക്കും. ഇതിനായി ഡല്‍ഹിയിലെ അഭിഭാഷകരുമായി ദേവസ്വംബോര്‍ഡ് ചര്‍ച്ച നടത്തി. അതേസമയം ശബരിമല വികസനത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കുന്നതിൽ അനുകൂല നിലപാടാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചത്.
ശബരിമലയിൽ നിയമനിർമാണം വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് - ശബരിമല നിയമനിർമാണം
ശബരിമലയ്ക്ക് പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ശബരിമല വികസനത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കുന്നതിൽ അനുകൂല നിലപാടാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചത്.
ശബരിമലയ്ക്ക് പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോടതി നിര്‍ദേശിച്ചതിനാല്‍ നിയമ നിര്‍മാണം ആവശ്യമായി വരും. ദേവസ്വം ബോര്‍ഡ് ബില്‍ തയ്യാറാക്കി നല്‍കുന്ന സാഹചര്യത്തില്‍ നിയമവകുപ്പ് പരിശോധിക്കുമെന്നും മന്ത്രി എ. കെ ബാലനും വ്യകതമാക്കിയിരുന്നു. എന്നാല്‍ പ്രത്യേക നിയമ നിര്‍മാണം ആവശ്യമില്ലെന്ന് ബോര്‍ഡ് യോഗത്തില്‍ ധാരണയായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയില്‍ എതിര്‍വാദമറിയിക്കാന്‍ ഡല്‍ഹിയിലെ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയത്.
ശബരിമലയില്‍ പ്രത്യേക സീസണ്‍ അനുസരിച്ചാണ് തീർഥാടനം നടക്കുക. മാസത്തില്‍ അഞ്ച് ദിവസവും നട തുറക്കുന്നു. എല്ലാ ദിവസവും തുറക്കാത്തതിനാല്‍ ഗുരുവായൂര്‍, തിരുപ്പതി മോഡല്‍ ഭരണം പ്രയോജനപ്പെടില്ലെന്ന വിലയിരുത്തലാണ് ബോര്‍ഡിനുള്ളത്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പ്രധാന വരുമാനം ശബരിമലയില്‍ നിന്നാണ്. ബോര്‍ഡിന് കീഴില്‍ 1250 ലേറെ ക്ഷേത്രങ്ങളുണ്ട്. ഇതില്‍ 60 ക്ഷേത്രങ്ങൾക്ക് മാത്രമാണ് സ്വന്തമായി വരുമാനമുള്ളത്. മറ്റു ക്ഷേത്രങ്ങളിലെ ചെലവ് ശബരിമല വരുമാനത്തെ ആശ്രയിച്ചാണ് മുന്നോട്ടു നീങ്ങുന്നത്. ആറായിരത്തോളം ജീവനക്കാരും നാലായിരത്തോളം പെന്‍ഷന്‍കാരും ഇതേ വരുമാനത്തെ ആശ്രയിക്കുന്നു. കഴിഞ്ഞ സീസണിലെ വരുമാന കുറവ് ബോര്‍ഡിൽ സാമ്പത്തിക പ്രതിസന്ധിക്കുവരെ കാരണമായി. ഇക്കാര്യങ്ങള്‍ ബോര്‍ഡ് സുപ്രീംകോടതിയെയും അറിയിക്കും. അതേസമയം പ്രത്യേക വികസന അതോറിറ്റി രൂപീകരിക്കുന്നതില്‍ തടസമില്ലെന്നും ബോര്‍ഡ് വിലയിരുത്തി.