തിരുവനന്തപുരം:ശബരിമല യുവതിപ്രവേശത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കും. അന്തിമ തീരുമാനമെടുക്കാന്‍ ദേവസ്വംബോര്‍ഡ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് അടിയന്തരയോഗം ചേരും. ആചാരനുഷ്ടാനങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലാകും പുതിയ സത്യവാങ്മൂലം നല്‍കുക. ജനുവരി 13ന് ഒമ്പതംഗ വിശാലബെഞ്ച് പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെയാണ് ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് മാറ്റം.
യുവതി പ്രവേശനത്തിൽ ദേവസ്വംബോര്‍ഡ് നിലപാട് മാറ്റുന്നു; അടിയന്തര യോഗം വിളിച്ചു - ദേവസ്വംബോര്‍ഡ്
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിലവിലെ മണ്ഡലം ശാന്തമായിരുന്നതും തീര്‍ഥാടകരുടെ എണ്ണത്തിലെയും വരുമാനത്തിലെയും വര്‍ധനവുമെല്ലാമാണ് നിലപാട് മയപ്പെടുത്താന്‍ കാരണം.
പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ നല്‍കുന്നത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് എന്‍. വാസുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ചര്‍ച്ച ചെയ്തത്. ആചാരനുഷ്ഠാനങ്ങള്‍ വിശദീകരിച്ചും അത് സംരക്ഷിക്കുന്ന തരത്തിലുമാകും പുതിയ സത്യവാങ്മൂലം നല്‍കുക. ശബരിമല യുവതിപ്രവേശം സംബന്ധിച്ച ഹര്‍ജികളില്‍ ഇതാദ്യമായല്ല ദേവസ്വംബോര്‍ഡിന്‍റെ നിലപാട് മാറ്റം. പലഘട്ടങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ രണ്ട് നിലപാടുകളാണ് സ്വീകരിച്ചത്. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്ത് സ്ത്രീപ്രവേശത്തെ അനുകൂലിച്ചായിരുന്നു ആദ്യസത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ നിലപാടില്‍ മാറ്റം വരുത്തി.
വിശ്വാസികളുടെ ആചാരനുഷ്ടാനങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജികള്‍ കോടതിയിലൂടെ തിരുത്താന്‍ ഉദ്ദേശിച്ചുള്ളതായതിനാല്‍ തള്ളിക്കളയണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ദേവസ്വം പ്രസിഡന്‍റായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്‍കിയ അതേ സത്യവാങ്മൂലമാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് പ്രസിഡന്‍റായി വന്ന എ. പത്മകുമാര്‍ ആദ്യഘട്ടത്തില്‍ സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് പത്മകുമാര്‍ നിലപാട് വീണ്ടും മാറ്റി. വി.എസ് സര്‍ക്കാര്‍ 2007 ല്‍ നല്‍കിയ യുവതി പ്രവേശത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.നവോത്ഥാനത്തിന്‍റെ പേരില്‍ യുവതിപ്രവേശത്തെ അനുകൂലിച്ച് മാറ്റിയ സത്യവാങ്മൂലമാണ് ഇപ്പോള്‍ വീണ്ടും മാറ്റി നല്‍കുന്നത്.