തിരുവനന്തപുരം: സംസ്ഥാന പാതയെയും മലയോര ഗ്രാമങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കത്തിപ്പാറ-കൂതാളി റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍. പാറശാല മണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കൂതാളി - ആറാട്ടുകുഴി റിംഗ് റോഡിന്‍റെ പുനര്‍നിര്‍മാണം മൂന്ന് വർഷം മുമ്പാണ് ആരംഭിച്ചത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ഇന്നും തുടങ്ങിയിടത്ത് തന്നെയാണെന്നത് വ്യാപക പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.
കത്തിപ്പാറ-കൂതാളി റോഡിൽ ദുരിതയാത്ര; എങ്ങുമെത്താതെ പുനര്‍നിര്‍മാണം - tragic journey on the Kathipara-Kuthali road
റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുമെന്ന് നാട്ടുകാര്‍
തെക്കൻ കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ കുരിശുമലയിലേക്കും കാളിമലയിലേക്കും എത്താവുന്ന പ്രധാന റോഡുകളിൽ ഒന്നാണ് കത്തിപ്പാറ-കൂതാളി റോഡ്. ഒന്നരക്കോടി രൂപയോളം അനുവദിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 12 മീറ്റർ വീതിയിൽ നിർമാണത്തിന് തുടക്കം കുറിച്ച റോഡിന്‍റെ അളവെടുക്കുന്ന കാര്യത്തിൽ കരാറുകാർ പലയിടത്തും വീഴ്‌ച വരുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. കത്തിപ്പാറ മുതൽ ചങ്കിലി വരെയുള്ള റോഡിൽ പാറകഷ്ണങ്ങള്‍ വിതറിയിട്ടിരിക്കുകയാണ്. ഇതുവഴി കാല്‍നട യാത്രപോലും സാധിക്കാത്ത അവസ്ഥയാണ്. സ്‌കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടങ്ങള്‍ പതിവായിരിക്കുകയാണ്.
റോഡിന്‍റെ വീതി കൂട്ടുന്നതിന് പരിസരവാസികൾ മതിലുകൾ ഉൾപ്പെടെ പൊളിച്ചു നൽകിയാണ് സഹകരിച്ചത്. ഇതിന് ശേഷം വർഷങ്ങൾ പിന്നിട്ടിട്ടും കരാറുകാർ ഇവ പുനസ്ഥാപിച്ചു നൽകിയിട്ടില്ല. കത്തിപ്പാറ ശിവപുരം ക്ഷേത്രത്തിന്‍റെ മതിലും ഇത്തരത്തിൽ പൊളിച്ചിട്ടിരിക്കുകയാണ്. റോഡിന്‍റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിച്ച് ഗതാഗതയോഗ്യമാക്കി നൽകിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുമെന്നാണ് കത്തിപ്പാറ നിവാസികൾ പറയുന്നത്.