തിരുവനന്തപുരം :ഉമ്മന്‍ചാണ്ടിക്ക് നേരെ ഉയര്‍ന്ന അടിസ്ഥാന രഹിതമായ ലൈംഗിക ആരോപണത്തിന്, ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റക്കാരണത്താല്‍ മൗനത്തിലൂടെ നല്കിയ അധാര്‍മിക പിന്തുണയില്‍ ലജ്ജിക്കുന്നുവെന്ന് ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ : 1) ശൈലീമാറ്റം : ഐഎസ്ആര്‍ഒ ചാരക്കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ച് മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്റെ എഴുത്തുമൂലം ഇന്ത്യന്‍ എക്സ്പ്രസ് നല്കിയ ഏകപക്ഷീയമായ എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം അധാര്‍മികമെന്ന് ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു. പലരെയും പോലെ ഞാനും അന്നത്തെ ഒഴുക്കിന് അനുസരിച്ച് നീന്തുകയായിരുന്നു.
2. സരിത വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് നേരെ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗിക ആരോപണത്തിന് അന്ന് ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണം കൊണ്ട് മൗനത്തിലൂടെ ഞാന്‍ നല്കിയ അധാര്‍മിക പിന്തുണയില്‍ ഞാനിന്ന് ലജ്ജിക്കുന്നു. ഇത് പറയാന്‍ ഓസിയുടെ മരണം വരെ ഞാന്‍ എന്തിന് കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയേ ഉള്ളൂ. നിങ്ങള്‍ക്ക് മനസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്ന് പറയാനാവില്ല. ക്ഷമിക്കുക. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
സംസ്കാരം വ്യാഴാഴ്ച :ബെംഗളൂരുവില്‍ നിന്ന് എത്തിച്ച ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം ആദ്യം തിരുവനന്തപുരം ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിലേയ്ക്കാണ് എത്തിച്ചത്. അവിടെ നിന്നും സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി എത്തിക്കും. തുടര്‍ന്ന്, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തിലും, കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും.