തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍. സ്ഥാപിത താല്‍പര്യക്കാരുടെ കൈയിലെ ആയുധമായി സമരക്കാര്‍ മാറുന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ല. വിഴിഞ്ഞം പ്രക്ഷോഭം 100 ദിവസം എത്തിയപ്പോള്‍ വ്യാപക അക്രമങ്ങളിലേക്ക് തിരിഞ്ഞത് ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണെന്ന് വ്യക്തമാണെന്നും മുഖപ്രസംഗം ആരോപിക്കുന്നു.
സമരത്തിന് വാര്‍ത്താപ്രാധാന്യം കിട്ടുന്നില്ലെന്ന തിരിച്ചറിവാണ് കലാപസമാന അവസ്ഥയുണ്ടാക്കിയത്. പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ആസൂത്രിതവും സംഘടിതവുമായ അതിക്രമമാണ് അഴിച്ചുവിട്ടത്. പൊലീസിന്‍റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു അഴിഞ്ഞാട്ടം.
വൈദികരടക്കമുള്ളവരാണ് നേതൃത്വത്തില്‍ ഉണ്ടായതെന്നതും ഗൗരവതരമാണ്. തെറിയഭിഷേകവും തരംതാണ മുദ്രാവാക്യങ്ങളും അന്തരീക്ഷം മലിനമാക്കി. വിമോചന സമരത്തിന്‍റെ പാഠപുസ്‌തകം ചിലര്‍ ഇപ്പോഴും കൈയില്‍ കരുതുന്നുണ്ടോയെന്ന സംശയം ഉയര്‍ത്തുന്നതാണ് സംഭവങ്ങളെന്നും എഡിറ്റോറിയലില്‍ ആരോപിക്കുന്നു.