തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. മതനിരപേക്ഷതയുടെ മഹത്തായ അധ്യായങ്ങൾ രചിച്ച കേരളത്തിന്‍റെ പാരമ്പര്യത്തിനുകൂടി അപമാനകരമാണ് ഗവർണറുടെ പ്രവർത്തനമെന്നാണ് വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി എഡിറ്ററുമായ പുത്തലത്ത് ദിനേശൻ എഴുതിയ ലേഖനത്തിലാണ് ഗവർണർക്കെതിരെയ വിമര്‍ശനം.
ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ സന്ദർശിച്ച ഗവര്‍ണറുടെ നടപടി ഉന്നയിച്ചാണ് വിമർശനം. ഹിറ്റ്‌ലറുടെ തത്വശാസ്ത്രവും മുസോളിനിയുടെ സംഘടനാതത്വവും സംയോജിപ്പിച്ച് രൂപപ്പെടുത്തിയതാണ് ആർഎസ്എസ് എന്ന സംഘടന. അതിന്‍റെ നേതാവിനെയാണ് ഗവർണർ അങ്ങോട്ടുപോയി സന്ദർശിച്ചത് എന്നറിയുമ്പോൾ ഗവർണറുടെ കോലാഹലങ്ങൾ എന്തിനാണെന്ന് വ്യക്തമാണ്.
ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരിക്കാൻ ബ്രിട്ടീഷ് ചരിത്രകാരന്മാർ മുന്നോട്ടുവച്ച വർഗീയധ്രുവീകരണം സൃഷ്‌ടിക്കുന്ന ചരിത്രവീക്ഷണവുമാണ് സംഘപരിവാറിന്‍റെ ആശയ അടിത്തറ. അത്തരം ആശയത്തെ മുന്നോട്ടുവയ്‌ക്കുന്നതിന് മതനിരപേക്ഷതയുടെയും സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങളുടെയും മണ്ണായ കേരളത്തിന്‍റെ ഗവർണർ സ്ഥാനത്തുനിന്ന് ആര് പരിശ്രമിച്ചാലും അത് തുറന്നുകാട്ടാതിരിക്കാനാകില്ല. സംഘപരിവാറിന്‍റെ കശാപ്പുശാലകളിൽ ഇന്ധനമൊഴിക്കുന്നവരോട് മതനിരപേക്ഷ കേരളത്തിന് പ്രതികരിക്കാതിരിക്കാനാകില്ല.