കേരളം

kerala

ETV Bharat / state

ഡെങ്കി വൈറസ് ചില്ലറക്കാരനല്ല, ജാഗ്രത വേണം; നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്

ഡെങ്കിപ്പനി വ്യാപനം തടയാന്‍ ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രത്യേക ശ്രദ്ധവേണം എന്നും നിര്‍ദേശമുണ്ട്

Dengue fever warning by health department  Dengue fever in Kerala  ഡെങ്കി വൈറസ്  ആരോഗ്യ വകുപ്പ്  ഡെങ്കിപ്പനി വ്യാപനം  ഡെങ്കിപ്പനി  സംസ്ഥാനത്ത് ഡെങ്കിപ്പനി  കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍
ഡെങ്കിപ്പനി വ്യാപനം തടയാന്‍ ജാഗ്രത നിര്‍ദേശം

By

Published : May 25, 2023, 7:20 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം തടയാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. ഇടവിട്ടുള്ള വേനല്‍ മഴയ്‌ക്കൊപ്പം കാലവര്‍ഷം കൂടി എത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. രോഗ വ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണം. ഈ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. മുന്‍ വര്‍ഷങ്ങളില്‍ രോഗ വ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്നാണ് ഈ ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയത്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നല്‍കിയ നിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണം.

ഇതുകൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യ ജാഗ്രത കലണ്ടര്‍ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കണം. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന്യം നല്‍കണം. അവബോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടത്:വീടിന്‍റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. വീടിന്‍റെ ചുറ്റുപാട്, ടെറസ് എന്നിവിടങ്ങളിലും വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ചിരട്ട മുതലായവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാന്‍ സാധ്യതയുണ്ട്. ഇവ നീക്കം ചെയ്യണം. വീട്ടിനകത്ത് ചെടികള്‍ വയ്ക്കുന്ന ട്രേ കൊതുകിന്‍റെ ഉറവിടമായി മാറാറുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത വേണം.

ചെടിച്ചട്ടികളുടെയും ഫ്രിഡ്‌ജിലെയും ട്രേയിലെ വെള്ളം ആഴ്‌ച തോറും മാറ്റണം. അടഞ്ഞുകിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ബ്ലോക്കായ ഓടകള്‍, വീടിനകത്തെ ചെടികള്‍, വെള്ളത്തിന്‍റെ ടാങ്കുകള്‍, ഹാര്‍ഡ് വെയര്‍ കടകളിലെയും അടഞ്ഞ് കിടക്കുന്ന വീടുകളിലെയും ക്ലോസറ്റുകള്‍, പഴയ വാഹനങ്ങള്‍ എന്നിവയും ശ്രദ്ധിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ എന്നിവ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വില്ലന്‍ കൊതുക് തന്നെ:പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍ പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് തുടങ്ങിയ കൊതുകുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. രോഗബാധിതരില്‍ നിന്നും ലക്ഷണം കണ്ട് തുടങ്ങുമ്പോള്‍ മുതല്‍ തന്നെ ഇത് കൊതുകളിലേക്ക് പകരും. ഒരിക്കല്‍ വൈറസ് കൊതുകിന്‍റെ ഉള്ളിലെത്തിയാല്‍ അത് ജീവനുള്ള കാലത്തോളം നിലനില്‍ക്കും. മുട്ടയിലേക്ക് ഈ വൈറസ് എത്തുന്നതിനാല്‍ പിന്നാലെ എത്തുന്ന കൊതുകളിലും ഈ വൈറസ് നിലനില്‍ക്കും. ശുദ്ധജലത്തിലാണ് ഈ കൊതുകകള്‍ പെരുകുന്നത്. അതിനാലാണ് വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കുന്നത്.

ഡെങ്കി വൈറസ് ചില്ലറക്കാരനല്ല:അഞ്ച് വിധത്തിലാണ് ഡെങ്കി വൈറസുകള്‍ ഉള്ളത്. ഒരു തവണ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും ഡെങ്കി വരുമ്പോള്‍ തീവ്രതയേറുന്നതും ഇതുകൊണ്ടാണ്. കടുത്ത പനി, തലവേദന, കണ്ണിന്‍റെ പുറകില്‍ വേദന, എല്ലു നുറുങ്ങുന്ന ശരീരവേദന, തൊലിപ്പുറത്തെ ചുവന്ന പാടുകള്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് ശരീരത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം വരെയുണ്ടാകാം. പനി ബാധിച്ചവര്‍ക്ക് ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ അടിയന്തര ചികിത്സ അത്യവശ്യമാണ്.

കൊച്ചുകുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ജനിതക വൈകല്യമുള്ളവര്‍, ജീവിതശൈലി രോഗമുള്ളവര്‍, സ്റ്റിറോയ്‌ഡ്, വേദന സംഹാരി എന്നിവ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഡെങ്കിപ്പനി ബാധ സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്. 20 മിനിറ്റിനകം തന്നെ ഡെങ്കി വൈറസ് ബാധ കണ്ടെത്താന്‍ കഴിയുന്ന ടെസ്റ്റുകള്‍ ഇപ്പോള്‍ എല്ലായിടത്തും ലഭ്യമാണ്. കൊവിഡ് നമ്മുടെ രോഗപ്രതിരോധ ശേഷിയെ കാര്യമായി തന്നെ ബാധിച്ചതായാണ് ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഡെങ്കിപ്പനിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്.

ABOUT THE AUTHOR

...view details