തിരുവനന്തപുരം:സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണം നൂറിനടുത്താണ്.
അഞ്ച് മരണങ്ങളും ഡെങ്കിപ്പനി മൂലം റിപ്പോര്‍ട്ടു ചെയ്‌തുവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ മരണം സംബന്ധിച്ച് സര്‍ക്കാര്‍ കണക്കില്‍ അവ്യക്തയുണ്ട്. 39 പേര്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഈ പനിക്കാലത്ത് മാത്രം മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്.
തിങ്കളാഴ്‌ച തൃശൂരിലാണ് ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടിയാണ് മരിച്ചത്. ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നാല് ദിവസം മുമ്പാണ് അതീവഗുരുതരാവസ്ഥയില്‍ അമ്മാളുക്കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ 87 പേര്‍ക്കും ശനിയാഴ്‌ച 98 പേര്‍ക്കും വെള്ളിയാഴ്‌ച 127 പേര്‍ക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഡെങ്കി ബാധിച്ചവരുടെ എണ്ണം 749 എന്നാണ് സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്. നിലവില്‍ 2471 പേരാണ് ഡെങ്കിപ്പനി സംശയിച്ച് ചികിത്സയിലുള്ളത്. ജൂണ്‍ മാസത്തില്‍ 1876 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്.
പകര്‍ച്ച പനിയും വര്‍ധിക്കുന്നു:സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്നലെ മാത്രം 5721 പേരാണ് പകര്‍ച്ചപ്പനിക്ക് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഞായറാഴ്‌ചയായതിനാലാണ് ചികിത്സ തേടിയവരുടെ എണ്ണം കുറഞ്ഞത്. ശനിയാഴ്‌ച 9440 പേരും വെള്ളിയാഴ്‌ച 11418 പേരും പനിക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.
ജൂലൈ മാസത്തിലെ ആദ്യ ഒമ്പത് ദിവസത്തിനിടെ 90478 പേരാണ് പനിക്ക് ചികിത്സ തേടിയത്. ജൂണ്‍ മാസം 13ന് മുതല്‍ തന്നെ സംസ്ഥാനത്ത് പതിനായിരത്തിന് മുകളില്‍ പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് എലിപ്പനി കേസുകളും വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 101 എലിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. നാല് മരണങ്ങളും എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 110 പേര്‍ എലിപ്പനി സംശയിച്ച് ചികിത്സയിലുണ്ട്.
ഡെങ്കിയില്‍ കരുതല്‍ വേണം:കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയലില്‍ തുടങ്ങി ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് ഡെങ്കി ഗുരുതരമാകാം. രക്തസമ്മര്‍ദ്ദം വര്‍ധിക്കുക, ഹൃദയമിടിപ്പില്‍ വ്യത്യാസമുണ്ടാകുക, ഹൃദയപേശികളെ ബാധിക്കുന്ന മയോകാര്‍ഡൈറ്റിസ്, ഹൃദയാവരണത്തില്‍ നീര് എന്നിങ്ങനെ ചിലര്‍ക്കെങ്കിലും ഹൃദയത്തെ ഗുരുതരമാക്കുന്ന അവസ്ഥയിലേക്ക് ഡെങ്കിയെത്താം. അതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ തേടാതെ അടിയന്തരമായി ആശുപത്രികളില്‍ ചികിത്സ തേടണം.
ഇവ സൂക്ഷിക്കുക:പനി, ക്ഷീണം, തലവേദന, കണ്ണുവേദന, ശരീരവേദന എന്നിങ്ങനെയുള്ളവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി പടരുന്നത്. അതിനാല്‍ കൊതുക് നശീകരണം ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണ്. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാകും. അതിനാല്‍ കൊതുകിന്‍റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം.
ജൂലൈ മാസത്തില്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. അതിനാല്‍ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും കൊതുകിന്‍റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടുള്ളതിനാലും ഓടകളും മറ്റും നിറഞ്ഞൊഴുകാനുള്ള സാധ്യതയുള്ളതിനാലും എലിപ്പനി പ്രതിരോധവും ശക്തമാക്കിയിട്ടുണ്ട്.
തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, സന്നദ്ധ, രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ ജാഗ്രത പാലിക്കണം. മലിനമാകാന്‍ സാധ്യതയുള്ള ജല സ്രോതസുമായോ വെള്ളക്കെട്ടുമായോ, അല്ലെങ്കില്‍ മൃഗങ്ങളുടെ വിസര്‍ജ്യവുമായോ സമ്പര്‍ക്കമുണ്ടായാല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. കൈയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. പൊതുജനങ്ങളും മഴക്കാലത്ത് സുരക്ഷിതമായ പാദരക്ഷകള്‍ ഉപയോഗിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ ഒരു കാരണവശാലും അത് മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കണം.
വയറിളക്ക രോഗമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകള്‍ എല്ലാം ബ്ലീച്ചിങ് പൗഡര്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഇന്‍ഫ്ലുവന്‍സ വൈറസ് ബാധ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പനിയുള്ള സമയത്ത് കുട്ടികളെ സ്‌കൂളില്‍ വിടരുത്. മുതിര്‍ന്നവര്‍ക്കാണെങ്കിലും പനിയുള്ള സമയത്ത് പൊതുസമൂഹത്തില്‍ ഇടപെടാതിരിക്കുക തുടങ്ങിയ ജാഗ്രത നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.