കേരളം

kerala

ETV Bharat / state

Dengue cases kerala | സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, 12 ദിവസത്തിനിടെ 523 കേസുകള്‍ - ജാഗ്രത നിർദേശം

സംസ്ഥാനത്ത് ഡെങ്കിപ്പനി ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

dengue kerala  viral fever  fever kerala  dengue cases kerala  health news  ഡെങ്കിപ്പനി  ഡങ്കിപ്പനി ബാധിച്ചവരുടെ കണക്ക്  പകർച്ച പന്  കാലവർഷ അസുഖങ്ങൾ  ജാഗ്രത നിർദേശം  ആരോഗ്യ വാർത്തകൾ
ഡെങ്കിപ്പനി

By

Published : Jun 13, 2023, 6:19 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് കാലവര്‍ഷം പൂര്‍ണമായും ശക്തി പ്രാപിക്കുന്നതിനുമുമ്പ് തന്നെ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടരുന്നു. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെ സര്‍ക്കാറിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം 523 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. 1636 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ചികിത്സയിലുമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്ക് മാത്രമാണിത്.

സ്വകാര്യ ആശുപത്രിയിലെ കണക്കുകൂടി നോക്കിയാല്‍ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്ന് ഉറപ്പാണ്. ഒരു മരണമാണ് ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെ ഡെങ്കിപ്പനി ബാധിച്ച് സംഭവിച്ചതെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് 10ന് മുകളിലാണെന്നാണ് അനൗദ്യോഗിക വിവരം.

പ്രതിദിന ഡെങ്കിപ്പനി ബാധിതരുടെ കണക്ക്

സംശയിക്കുന്നവര്‍ സ്‌ഥിരീകരിച്ചവര്‍
01-06-2023 140 31
02-06-2023 155 81
03-06-2023 185 38
04-06-2023 64 43
05-06-2023 141 29
06-06-2023 177 29
07-06-2023 114 84
08-06-2023 172 63
09-06-2023 166 50
10-06-2023 94 19
11-06-2023 71 28
12-06-2023 157 28

എറണാകുളം ജില്ലയിലാണ് നിലവിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. മാലിന്യസംസ്‌കരണം അടക്കം പ്രതിസന്ധി നേരിടുന്ന എറണാകുളം ജില്ലയില്‍ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതനുസരിച്ചുള്ള ഒരു പ്രവര്‍ത്തനവും ഫലവത്തായില്ലെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 174 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. 603 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ചികിത്സയിലുണ്ട്.

എറണാകുളം ജില്ലയിലെ ഡെങ്കി ബാധിതര്‍

സംശയിക്കുന്നവര്‍ സ്‌ഥിരീകരിച്ചവര്‍
01-06-2023 49 5
02-06-2023 49 30
03-06-2023 52 11
04-06-2023 16 --
05-06-2023 35 --
06-06-2023 46 8
07-06-2023 20 36
08-06-2023 49 43
09-06-2023 42 10
10-06-2023 34 --
11-06-2023 25 27
12-06-2023 36 4

പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന ഈഡിസ് ഈജിപ്‌റ്റി, ഈഡിസ് അല്‍ബോപിക്‌റ്റസ് തുടങ്ങിയ കൊതുകുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. രോഗബാധിതരില്‍ ലക്ഷണം കണ്ടുതുടങ്ങുമ്പോള്‍ മുതല്‍ തന്നെ ഇത് കൊതുകുകളിലേക്ക് പകരും. ഒരിക്കല്‍ വൈറസ് കൊതുകിന്‍റെ ഉള്ളിലെത്തിയാല്‍ അത് ജീവനുള്ള കാലത്തോളം നിലനില്‍ക്കും.

മുട്ടയിലേക്ക് ഈ വൈറസ് എത്തുന്നതിനാല്‍ പിന്നാലെ പെരുകുന്ന കൊതുകുകളിലും ഈ വൈറസ് നിലനില്‍ക്കും. ശുദ്ധജലത്തിലാണ് ഈ കൊതുകുകള്‍ പെരുകുന്നത്. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ : അഞ്ച് വിധത്തിലാണ് ഡെങ്കി വൈറസുകള്‍ ഉള്ളത്. ഒരു തവണ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും ഡെങ്കി വരുമ്പോള്‍ തീവ്രതയേറുന്നതും ഇതുകൊണ്ടാണ്. കടുത്ത പനി, തലവേദന, കണ്ണിന്‍റെ പുറകില്‍ വേദന, എല്ല് നുറുങ്ങുന്ന ശരീരവേദന, തൊലിപ്പുറത്തെ ചുവന്ന പാടുകള്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം വരെയുണ്ടാകാം.

പനി ബാധിച്ചവര്‍ക്ക് ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ അടിയന്തര ചികിത്സ അത്യാവശ്യമാണ്. കൊച്ചുകുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ജനിതക വൈകല്യമുള്ളവര്‍, ജീവിതശൈലീ രോഗമുള്ളവര്‍, സ്റ്റിറോയ്‌ഡ്‌, വേദന സംഹാരി എന്നിവ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഡെങ്കിപ്പനി ബാധ സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്.

പകര്‍ച്ചപ്പനിയും വ്യാപിക്കുന്നു :അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം പതിനായിരത്തിലധികം പേരാണ് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപിയില്‍ ചികിത്സ തേടിയെത്തിയത്. ചിക്കുന്‍ഗുനിയ, സിക തുടങ്ങിയ പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്നുണ്ട്. കൂടാതെ എലിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിച്ചതായി റിപ്പോർട്ടുണ്ട്.

30 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. 66 പേര്‍ എലിപ്പനി സംശയിച്ച് ചികിത്സയിലുമുണ്ട്. കാലവര്‍ഷം കൂടി ശക്തി പ്രാപിക്കുന്നതോടെ ഈ കണക്കുകള്‍ ഇനിയും ഉയരാനാണ് സാധ്യത. കാലവര്‍ഷ കെടുതികള്‍ രൂക്ഷമാകുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കടക്കം ആളുകളെ മാറ്റി പാര്‍പ്പിക്കുമ്പോള്‍ പകര്‍ച്ച പനിയടക്കം പടരുന്നതിന് വേഗം കൂടും.

ജൂണ്‍ മാസത്തില്‍ പകര്‍ച്ചപ്പനിക്ക് ചികിത്സ തേടിയവര്‍

01-06-2023 6463
02-06-2023 7282
03-06-2023 7325
04-06-2023 3221
05-06-2023 8876
06-06-2023 8232
07-06-2023 8265
08-06-2023 8307
09-06-2023 8522
10-06-2023 7662
11-06-2023 4119
12-06-2023 10321

നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ല. എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതയുടെ ഭാഗമായി 'മാരിയില്ലാ മഴക്കാലം' എന്ന പേരില്‍ പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

എലിപ്പനി ബാധിക്കാതിരിക്കാൻ ജാഗ്രതാനിർദേശം :രോഗ ബാധ ശ്രദ്ധിക്കാതിരുന്നാല്‍ എലിപ്പനി ഗുരുതരമാകും. അതിനാല്‍ മണ്ണിലും വെള്ളത്തിലും ഇറങ്ങുന്നവര്‍, ജോലി ചെയ്യുന്നവര്‍, കളിക്കുന്നവര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ എന്നിവര്‍ എലിപ്പനി ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഹൈ റിസ്‌ക് ജോലി ചെയ്യുന്നവര്‍ ഗ്ലൗസും കാലുറയും ഉപയോഗിക്കണം. എലിപ്പനിയെ പ്രതിരോധിക്കാന്‍ മണ്ണിലും, ചെളിയിലും, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആഴ്‌ചയിലൊരിക്കല്‍ കഴിക്കണം.

മഴക്കാലത്ത് ബാധിക്കുന്ന പ്രധാന രോഗമാണ് വയറിളക്ക രോഗങ്ങള്‍. ഭക്ഷണവും വെള്ളവും തുറന്നുവയ്‌ക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. കിണര്‍ തുടങ്ങിയ ജല സ്രോതസ്സുകള്‍ മലിന ജലം കലരാതെ സംരക്ഷിക്കണം. ക്ലോറിനേഷന്‍ കൃത്യമായി ചെയ്യണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details