തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം തൃശൂരില്‍ വേദി പങ്കിട്ടതിനെ ന്യായീകരിച്ച് മറിയക്കുട്ടി (Mariyakkutty) രംഗത്ത്. 'ഞാൻ പകല്‍ ബിജെപിയും രാത്രി കോൺഗ്രസും ആകുന്നുവെന്നാണ് പറയുന്നത്. രാത്രിയായാലും പകലായാലും പിണറായിയുടേത് ഒഴികെ മറ്റേത് പാർട്ടിക്കാർ വിളിച്ചാലും ഞാന്‍ പരിപാടിക്ക് പോകും.' പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പൊതുപരിപാടികളിൽ വേദി പങ്കിടുന്ന ചിത്രങ്ങളും മറിയക്കുട്ടി സമര വേദിയിൽ ഉയർത്തിക്കാട്ടി.
മോദിയോടൊപ്പം പിണറായി വേദി പങ്കിടുന്ന ചിത്രങ്ങൾക്ക് എന്ത് വിശദീകരണം നല്‍കുമെന്നും മറിയക്കുട്ടി ചോദിച്ചു. സാമൂഹ്യ സുരക്ഷ പെൻഷൻ ഔദാര്യമല്ല, അവകാശമാണെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സേവ് കേരള ഫോറം (Save Kerala forum program) സംഘടിപ്പിച്ച അവകാശ സംരക്ഷണ ധർണയിൽ പങ്കെടുക്കാനായിരുന്നു മറിയക്കുട്ടി തലസ്ഥാനത്ത് എത്തിയത്.
മറിയക്കുട്ടിയോടൊപ്പം അന്നകുട്ടിയും സമരത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, അന്നക്കുട്ടി സമരത്തിന് എത്തിയിരുന്നില്ല. സേവ് കേരള ഫോറം ജനറൽ സെക്രട്ടറി കെ എം ഷാജഹാന്‍റെ നേതൃത്വത്തിലായിരുന്നു അവകാശ സംരക്ഷണ ധർണ നടത്തിയത്. പിണറായിയുടേത് ഒഴിച്ച് ബാക്കി ഏത് പാർട്ടി വിളിച്ചാലും പരിപാടികളിൽ പങ്കെടുക്കുമെന്ന് മറിയക്കുട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കി.