തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാനങ്ങള്‍ നിര്‍മിക്കുന്നതിന് അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ചെന്നിത്തല ആരോപിച്ചു. ധാരണ പത്രം ഒപ്പിട്ടതില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു. ദീര്‍ഘനാളുകളുടെ ആലോചനകള്‍ക്കൊടുവിലാണ് ധാരണ പത്രം ഒപ്പിട്ടത്. 2010 ഒക്‌ടോബര്‍ 10ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസ് ഇഎംസിസി കമ്പനിയുടെ യോഗ്യതകള്‍ ആരാഞ്ഞ് കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് കത്തയച്ചു. ഉദ്യോഗസ്ഥരുടെ മേല്‍ കുറ്റം ചുമത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ചെന്നിത്തല
യാനങ്ങള്‍ നിര്‍മിക്കുന്നതിന് അമേരിക്കന്‍ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. പദ്ധതിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പദ്ധതി റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുമാണ് കുറ്റക്കാര്‍. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നതിനും മത്സ്യസമ്പത്ത് കൊള്ളയടിക്കാനുമുള്ള ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ വ്യവസായ മന്ത്രി ഇപി ജയരാജന്‍ നിയമസഭയില്‍ നിന്ന് മറച്ചുവെച്ചുവെന്നും കൊച്ചിയില്‍ വ്യവസായ വകുപ്പിന് കീഴില്‍ സംഘടിപ്പിച്ച അസെന്‍റില്‍ വച്ചു ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതില്‍ സമഗ്ര അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.