തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സർക്കാർ ഇഎംസിസി എന്ന കമ്പനിയുമായി ഒപ്പിട്ട കരാറിന്‍റെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അസെന്‍റിൽ ഒപ്പുവച്ച 5000 കോടിയുടെ ധാരണപത്രവും പള്ളിപ്പുറത്ത് നാല് ഏക്കർ ഭൂമി അനുദിച്ചതുമടക്കമുള്ള ഇടപാടുകൾ സംസ്ഥാന സർക്കാർ ഇതുവരെ റദ്ദാക്കിയിട്ടില്ല. ഭൂമി തിരികെ ഏറ്റെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ആഴക്കടൽ മത്സ്യബന്ധനം; കരാറിന്‍റെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയതെന്ന് രമേശ് ചെന്നിത്തല
അസെന്‍റിൽ ഒപ്പുവച്ച 5000 കോടിയുടെ ധാരണപത്രവും പള്ളിപ്പുറത്ത് നാല് ഏക്കർ ഭൂമി അനുദിച്ചതുമടക്കമുള്ള ഇടപാടുകൾ സംസ്ഥാന സർക്കാർ ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല.
കടൽക്കൊള്ളക്കായുള്ള വൻ ഗൂഢാലോചനയാണ് നടന്നതെന്ന് നാൾവഴി പരിശോധിച്ചാൽ മനസിലാകും. പദ്ധതി സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മുഖ്യമന്ത്രി പച്ച കള്ളം പറയുകയാണ്. വ്യവസായ മന്ത്രിയും ഫിഷറീസ് വകുപ്പ് മന്ത്രിയും പദ്ധതിക്കായി ആസൂത്രിത നീക്കമാണ് നടത്തിയത്. മത്സ്യ നയത്തിൽ വരെ ഇതിനായി മാറ്റം വരുത്തി. സംസ്ഥാനത്തെ മത്സ്യതൊഴിലാളികളെ വഞ്ചിക്കാനുള്ള ശ്രമമാണ് നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഈ പദ്ധതിക്ക് പിന്നിൽ ഇഎംസിസി കൂടാതെ ഓൺലൈൻ ഭക്ഷ്യ വിതരണ രംഗത്തുള്ള മറ്റു വൻകിട കമ്പനികളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന സർക്കാരിന്‍റെ നീക്കത്തിനെതിരെ മത്സ്യ തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. മത്സ്യത്തൊഴിലാളികൾ പ്രഖ്യാപിച്ച ഹർത്താലിന് യുഡിഎഫ് പിന്തുണ നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ വിവരങ്ങളും പുറത്തുകൊണ്ടുവരുന്നതിന് ജുഡീഷ്യൽ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.