തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനം ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതകഥ പ്രദര്‍ശനത്തിനെത്തും. ഗ്യാലറിയിലിരുന്ന് ഫുട്‌ബോള്‍ ആസ്വദിക്കുന്ന അതേ ആവേശം ചിത്രം നല്‍കുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര പ്രേമികള്‍. വിവിധ വിഭാഗങ്ങളിലായി അറുപത്തിയഞ്ചോളം ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്.
പ്രത്യേക പ്രദര്‍ശനമായാണ് ബ്രിട്ടീഷ് ഡോക്യുമെന്‍ററിയായ 'ഡീഗോ മറഡോണ' രാജ്യാന്തര ചലച്ചിത്രമേളയില്‍ എത്തുന്നത്. ഫുട്‌ബോള്‍ ക്ലബായ ബാഴ്‌സലോണയില്‍ നിന്ന് റെക്കോര്‍ഡ് പ്രതിഫലം വാങ്ങി നാപോളിയിലേയ്ക്ക് മറഡോണ മാറിയതും യുവേഫ കപ്പിന്‍റെ വിജയരംഗങ്ങളും നിറയുന്ന ചിത്രം ഒരു ഫുട്‌ബോള്‍ മത്സരത്തിന്‍റെ പ്രതീതി സമ്മാനിക്കുമെന്നാണ് സിനിമ പ്രേമികളുടെ വിലയിരുത്തല്‍. ചലച്ചിത്രമേളയില്‍ ഏവരും പ്രതീകഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഡീഗോ മറഡോണ. ആസിഫ് കപാഡിയ സംവിധാനം ചെയ്ത ചിത്രം രാത്രി 12.15ന് നിശാഗന്ധിയിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഫിലിപ്പൈന്‍ ചിത്രമായ 'വെര്‍ഡിക്ടാണ്' ഇന്നത്തെ മറ്റാെരാകര്‍ഷണം. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയ ചിത്രം കൂടിയാണ് വെര്‍ഡിക്ട്. കൈരളിയില്‍ രാവിലെ 8.30നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.