തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ വേണ്ടെന്ന് തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ച കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു അടച്ചിടല്‍ വേണ്ടെന്ന് യോഗം വിലയിരുത്തി. അതേസമയം ഇന്നുമുതല്‍ പ്രഖ്യാപിച്ച രാത്രി കര്‍ഫ്യൂ കൃത്യമായി നടപ്പാക്കും. ഇതുകൂടാതെ ഇപ്പോള്‍ നടപ്പാക്കുന്ന കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ നിയന്ത്രണം ശക്തമാക്കാനും തീരുമാനിച്ചു. ബാങ്കുകളുടെ പ്രവർത്തനസമയം രാവിലെ പത്തു മുതൽ ഉച്ചയ്‌ക്ക് രണ്ടു മണി വരെയായിരിക്കും.
ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇടങ്ങളിലടക്കം പൊലീസ് പരിശോധന ശക്തമാക്കാനും നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നായിരുന്നു മുഖ്യമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശം. ഇത് കൂടി പരിഗണിച്ചാണ് തീരുമാനം.
കൂടുതൽ വായനയ്‌ക്ക്:സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ
കൊവിഡ് രോഗബാധ തീവ്രമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ല കലക്‌ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്നും കോര്‍ കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഇതുകൂടാതെ കൊവിഡ് പരിശോധന പരമാവധി നടപ്പാക്കാനും യോഗം തീരുമാനിച്ചു. അധിക വ്യാപനമുള്ള സ്ഥലങ്ങളിലാണ് പരിശോധന വർധിപ്പിക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും പരിശോധന നടത്താനാണ് തീരുമാനം.
കൂടുതൽ വായനയ്‌ക്ക്:സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ്
എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് പോസിറ്റിവിറ്റി നിരക്ക് വലിയ രീതിയല്‍ ഉയര്‍ന്നിരിക്കുന്നത്. ഈ ജില്ലകളില്‍ പരിശോധന പരമാവധി കൂട്ടും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്നിടത്ത് സാധ്യമായത്രയും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൊവിഡ് പോസിറ്റിവിറ്റി കുറയ്ക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നുമാണ് കോർ കമ്മിറ്റി നിര്‍ദേശം. അതേസമയം കൊവിഡിനെ നേരിടാനുള്ള ചികിത്സ സൗകര്യങ്ങള്‍ നല്ല രീതിയില്‍ ഒരുക്കാന്‍ കഴിഞ്ഞതായും യോഗം വിലയിരുത്തി. ഐസിയു, വെന്‍റിലേറ്റര്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന നടപടികളിലും യോഗം തൃപ്‌തി രേഖപ്പെടുത്തി.