തിരുവനന്തപുരം : ശബരിമല വിമാനത്താവള നിര്‍മാണത്തിനായി ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ തീരുമാനം കോടതി വിധിക്ക് ശേഷമെന്ന് ബിലീവേഴ്‌സ് ചര്‍ച്ച്.
ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും ചര്‍ച്ച് വ്യക്തമാക്കി. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ബിലീവേഴ്‌സ് ചര്‍ച്ച് നിലപാട് വ്യക്തമാക്കിയത്.
വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ഇവരുമായി ചര്‍ച്ച നടത്തിയത്. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ബിലീവേഴ്‌സ് ചര്‍ച്ചിന്‍റെ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഭൂമി ഏറ്റെടുക്കലിന് സർക്കാർ നടപടികള്‍ ആരംഭിച്ചു
എന്നാല്‍ ഹാരിസണ്‍സ് മലയാളം പ്ലാന്‍റേഷൻസ് നിയമവിരുദ്ധമായി ബിലീവേഴ്‌സ് ചര്‍ച്ചിന് വിറ്റതാണ് ചെറുവള്ളി എസ്റ്റേറ്റ്. ഇതിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
ഈ സാഹചര്യത്തില്‍ ഭൂമിയുടെ വിലനിര്‍ണയം നടത്തി ആ തുക കോടതിയില്‍ കെട്ടിവച്ച ശേഷം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന് ബിലീവേഴ്‌സ് ചര്‍ച്ചിനോട് സര്‍ക്കാര്‍ പിന്തുണ തേടുകയായിരുന്നു.
ഭൂമി ഏറ്റെടുക്കലിന് നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കിന്‍ഫ്രയെ ഭൂമിയേറ്റടുക്കാനുള്ള നോഡല്‍ ഓഫിസറായും നിയമിച്ചു. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം ആരംഭിച്ചു. കൂടാതെ വിമാനത്താവള പദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാനുള്ള നടപടിയും ആരംഭിച്ചുകഴിഞ്ഞു.
പദ്ധതിയുടെ പ്രാഥമിക രൂപരേഖയും ലൊക്കേഷന്‍ മാപ്പും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈമാറിക്കഴിഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഈ പദ്ധതിക്ക് പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.