കേരളം

kerala

ETV Bharat / state

നാഗര്‍കോവിലിലെ ആറാം ക്ലാസുകാരന്‍റെ മരണം: ഒരു വർഷത്തിന് ശേഷം സുഹൃത്തായ 14 കാരൻ അറസ്‌റ്റിൽ - നാഗര്‍കോവില്‍

കഴിഞ്ഞ വർഷം നാഗർകോവിലിൽ വച്ച് വിഴിഞ്ഞം സ്വദേശിയായ ആറാം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ തമിഴ്‌നാട്ടിൽ വച്ച് സുഹൃത്ത് പിടിയിലായി

Nagercoil boy death  boy death friend 14 year old friend arrested  Nagercoil boy death arrest after one year  death  cb cid  സി ബി സി ഐ ഡി
ആറാം ക്ലാസുകാരന്‍റെ മരണം

By

Published : May 5, 2023, 1:01 PM IST

തിരുവനന്തപുരം: ഒരു വര്‍ഷം മുന്‍പ് നാഗര്‍കോവിലില്‍ ആറാം ക്ലാസുകാരനെ കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തായ 14 കാരൻ തമിഴ്‌നാട്ടിൽ അറസ്‌റ്റിലായി. സംഭവത്തിൽ ആറ് മാസത്തെ സി ബി സി ഐ ഡി അന്വേഷണത്തിനൊടുവിൽ മരണം കൊലപാതകമെന്ന് തെളിയുകയായിരുന്നു. 2022 മെയ് എട്ടിനാണ് നാഗര്‍കോവില്‍ ഇറച്ചകുളത്തെ ബന്ധുവീട്ടില്‍ എത്തിയ വിഴിഞ്ഞം സ്വദേശിയായ മുഹമ്മദ് നസീം - സുജിത ദമ്പതികളുടെ മകന്‍ ആദില്‍ മുഹമ്മദ്(12) സമീപത്തെ തിട്ടുവിള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആദ്യം തമിഴ്‌നാട് ലോക്കല്‍ പൊലീസിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ അന്വേഷണം ഫലമില്ലാതെ വന്നതോടെ കുട്ടിയുടെ മാതാപിതാക്കള്‍ കേരള മുഖ്യമന്ത്രിയ്‌ക്ക് നിവേദനം നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അന്വേഷണം സി ബി സി ഐ ഡിയ്‌ക്ക് കൈമാറുകയായിരുന്നു.

ആറ് മാസത്തെ അന്വേഷണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് 14 കാരനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്‌തത്. സമീപത്തെ സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആദില്‍ മുഹമ്മദിനൊപ്പം പോയ കുട്ടികളെ ചോദ്യം ചെയ്‌തതില്‍ നിന്നുമാണ് 14 കാരനെ സി ബി സി ഐ ഡി ഡിഎസ്‌പി ശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആദില്‍ മുഹമ്മദ് കൊല്ലപ്പെട്ട ദിവസം വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ടീഷര്‍ട്ട് ധരിച്ചിരുന്നു.

എന്നാല്‍ മൃതദേഹത്തില്‍ ടീഷര്‍ട്ട് ഇല്ലായിരുന്നു. കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ പ്രതി ശ്രമിച്ചിരുന്നോ എന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. നിലവില്‍ മരണവിവരം മറച്ചുവയ്‌ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ തിരുനെൽവേലി ജുവനൈൽ ഹോമിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details