തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്‍റേയും മകൾ തേജസ്വിനി ബാലയുടെയും മരണം സംബന്ധിച്ച് സിബിഐ അന്വേഷണം അവസാനഘട്ടത്തിലേക്ക്. സാക്ഷി മൊഴി രേഖപ്പെടുത്തലും ശാസ്ത്രീയ പരിശോധനകളും സിബിഐ പൂർത്തിയാക്കി കഴിഞ്ഞു. നൂറിലധികം പേരുടെ സാക്ഷിമൊഴികളാണ് തിരുവനന്തപുരം സിബിഐ യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തിയത്. സാക്ഷി മൊഴികളിൽ സംശയം ഉണ്ടായിരുന്ന ബാലഭാസ്കറിന്‍റെ മുൻ മാനേജർ പ്രകാശൻ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍, സുഹൃത്തായ വിഷ്ണു സോമസുന്ദരം, നേരിട്ട് കണ്ടു എന്ന് സാക്ഷി മൊഴി നൽകിയ കലാഭവന്‍ സോബി എന്നിവരുടെ ശാസ്ത്രീയ പരിശോധനയാണ് നടത്തിയത്. കേന്ദ്ര ഫൊറന്‍സിക് ലാബിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു ശാസ്ത്രീയ പരിശോധന.
ബാലഭാസ്കറിന്‍റെ മരണം; സിബിഐ അന്വേഷണം അവസാനഘട്ടത്തിലേക്ക് - CBI investigation final phase
നൂറിലധികം പേരുടെ സാക്ഷിമൊഴികളാണ് തിരുവനന്തപുരം സിബിഐ യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തിയത്.
ബാലഭാസ്കറിന്‍റെ മാതാപിതാക്കൾ, ഭാര്യ ലക്ഷ്മി, ബന്ധുക്കൾ, സുഹൃത്ത് സ്റ്റീഫൻ ദേവസ്യ അപകടം സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്നവർ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ ഒരു സാക്ഷിപ്പട്ടികയാണ് സിബിഐ തയാറാക്കിയിരിക്കുന്നത്. മരണത്തിന് ഇടയാക്കിയ അപകടം ആസൂത്രിതമാണോ അല്ലയോ എന്ന കണ്ടെത്തൽ നിര്‍ണായക ഘട്ടത്തിലാണ്. നേരത്തെ സാക്ഷി മൊഴി രേഖപ്പെടുത്തിയതിൽ വ്യക്തത ആവശ്യമുള്ളവരുടെ മൊഴികൾ ഒന്നുകൂടി പരിശോധിക്കാനും ആവശ്യമെങ്കിൽ അവരെ ഒരിക്കൽ കൂടി വിളിച്ച് വരുത്താനും സിബിഐ തീരുമാനിച്ചിട്ടുണ്ട്. എത്രയും വേഗത്തിൽ അന്വേഷണം പൂർത്തീകരിക്കാനാണ് സിബിഐ ലക്ഷ്യമിടുന്നത്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് റിപ്പോർട്ട് തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിക്കും. ബാലഭാസ്കറിന്‍റെ മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.