തിരുവനന്തപുരം :സംസ്ഥാനത്ത് കുത്തിവയ്‌പ്പ് എടുത്ത ശേഷവും പേവിഷബാധയേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്‌തത് വാക്‌സിന്‍റെ ഗുണനിലവാരക്കുറവ് മൂലമല്ലെന്ന് വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്. പേവിഷബാധയേറ്റുള്ള മരണം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022 ജനുവരി മുതല്‍ സെപ്‌റ്റംബര്‍ വരെ പേവിഷബാധ മൂലം നടന്നിട്ടുള്ള 21 മരണങ്ങളെക്കുറിച്ചാണ് സമിതി വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.
മരിച്ചവരില്‍ കൂടുതലും വാക്‌സിന്‍ എടുക്കാത്തവര്‍ :മൃഗങ്ങളുടെ കടിയേല്‍ക്കാനുള്ള സാഹചര്യം, പ്രഥമ ശുശ്രൂഷയുടെ വിവരങ്ങള്‍, പ്രതിരോധ കുത്തിവയ്‌പ്പിന്‍റെ വിശദാംശങ്ങള്‍, പ്രതിരോധ മരുന്നുകളുടെ ലഭ്യത, വാക്‌സിന്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍, ചികിത്സാരേഖകള്‍, സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ എന്നിവ കൂടാതെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും മരിച്ച വ്യക്തികളുടെ ഭവന സന്ദര്‍ശനം നടത്തുകയും ബന്ധുക്കളുടെ പക്കല്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുമാണ് സമിതി ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് പ്രകാരം മരണമടഞ്ഞ 21 വ്യക്തികളില്‍ 15 പേരും മൃഗങ്ങളുടെ കടിയേറ്റത് അവഗണിക്കുകയും പ്രതിരോധ ചികിത്സ എടുക്കാത്തവരുമാണ്.
ആറ് വ്യക്തികള്‍ക്ക് വാക്‌സിന്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നീ പ്രതിരോധ കുത്തിവയ്‌പ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ തലച്ചോറിന് സമീപം കടിയേറ്റതാണ് വാക്‌സിന്‍ ഫലപ്രദമാവാതിരിക്കാന്‍ കാരണം. ഞരമ്പുകളുടെ സാന്ദ്രത കൂടുതലുള്ള മുഖം, ചുണ്ട്, ചെവി, കണ്‍പോളകള്‍, കഴുത്ത്, കൈ വെള്ള എന്നിവിടങ്ങളില്‍ ഗുരുതരവും ആഴമേറിയതുമായ കാറ്റഗറി മൂന്നില്‍ മുറിവേറ്റവരാണ്. അതിനാല്‍ കടിയേറ്റപ്പോള്‍ തന്നെ റാബീസ് വൈറസ് ഞരമ്പുകളില്‍ കയറിയിട്ടുണ്ടാവാമെന്നാണ് സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. വാക്‌സിന്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നിവ കേന്ദ്ര ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
പ്രശ്‌നം വാക്‌സിന്‍റെ ഗുണനിലവാര കുറവല്ലെന്ന് പഠനം :മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമെ വാക്‌സിന്‍ എടുത്ത വ്യക്തികളില്‍ പ്രതിരോധ ശേഷി വരുത്തുന്ന ആന്‍റിബോഡികളുടെ സാന്നിധ്യം ആവശ്യമുള്ള തോതില്‍ ഉണ്ടെന്ന് ബെംഗളൂരു നിംഹാന്‍സില്‍ (National Institute of Mental Health and Neuro-Sciences) നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ വാക്‌സിന്‍റെ ഗുണനിലവാരക്കുറവല്ലെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ ഡോ. തോമസ് മാത്യു ചെയര്‍മാനായ കമ്മിറ്റിയില്‍ ഡബ്ല്യുഎച്ച്ഒ കൊളാബെറേറ്റീവ് സെന്‍റര്‍ ഫോര്‍ റഫറന്‍സ് ആന്‍ഡ് റിസര്‍ച്ച് ഫോര്‍ റാബീസ്, നിംഹാന്‍സ്, ബെംഗളൂരു അഡീഷണല്‍ പ്രൊഫസര്‍ ഡോ. റീത്ത എസ് മണി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസ് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. സ്വപ്‌ന സൂസന്‍ എബ്രഹാം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് വൈറോളജി ഡയറക്‌ടര്‍ ഡോ. ഇ ശ്രീകുമാര്‍, ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ. എസ് ഹരികുമാര്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍ പിഎം ജയന്‍ എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ സമിതിയിലെ അംഗങ്ങള്‍.