തിരുവനന്തപുരം: വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിലെ റാഗിങ് പരാതിക്ക് പിന്നിൽ ദുരുദ്ദേശ്യമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡിഡിഇ) അന്വേഷണ റിപ്പോർട്ട്. കുട്ടികൾ തമ്മിലുള്ള ചെറിയ പ്രശ്‌നങ്ങൾ പർവതീകരിച്ച് പ്രചരിപ്പിച്ചു. സ്‌കൂളിൽ കുട്ടികളുടെ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡിഡിഇയുടെ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി. സ്‌കൂളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണം. ഓൺലൈനിൽ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് സംശയിക്കുന്നതായും ഇതേക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. സീനിയർ വിദ്യാർഥികളുടെ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്.
അക്രമം നടത്തിയ കുട്ടികൾ ആരെന്ന് പരിക്കേറ്റ കുട്ടികൾക്കോ സ്‌കൂളിലെ അധ്യാപകർക്കോ അറിയില്ല. ഇവരെ കണ്ടെത്താൻ നടത്തിയ വ്യാപക തെരച്ചിൽ വിദ്യാർഥികളെ പരിഭ്രാന്തരാക്കി. സംഭവം മാധ്യമങ്ങളിൽ നിറഞ്ഞതോടെ ചിത്രം തന്നെ മാറിയെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കോട്ടൺഹിൽ സ്‌കൂളിൽ നടന്ന സംഭവത്തിൽ മാധ്യമങ്ങൾ നിജസ്ഥിതി അറിയാതെ കാര്യങ്ങൾ പറയരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കുറ്റപ്പെടുത്തിയിരുന്നു. സ്‌കൂളിൽ നടന്നത് റാഗിങ് എന്ന് പറയുന്നത് ശരിയല്ല. ഡിഡിഇയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
also read:കോട്ടൺഹിൽ റാഗിങ്; പ്രതിഷേധവുമായി രക്ഷിതാക്കൾ, സ്‌കൂൾ അധികൃതർ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം