തിരുവനന്തപുരം :അധ്യക്ഷ നിമയനം സംബന്ധിച്ച തര്‍ക്കങ്ങള്‍ കോൺഗ്രസിൽ തുടരുന്നതിനിടെ അഞ്ച് ജില്ലകളിൽ ഡിസിസി പ്രസിഡന്‍റുമാർ ഇന്ന് (ശനിയാഴ്‌ച) ചുമതലയേല്‍ക്കും. തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റായി പാലോട് രവി ചുമതലയേൽക്കുന്ന ചടങ്ങിൽ കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, പി.ടി.തോമസ് എന്നിവര്‍ സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. രാവിലെ 11നാണ് ചടങ്ങ്.
സ്ഥാനാരോഹണം അഭിപ്രായഭിന്നതകൾക്കിടെ
പാലോട് രവിയെ ഡിസിസി പ്രസിഡന്‍റാക്കിയതില്‍ പ്രതിഷേധിച്ചതിന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ കെപിസിസി സെക്രട്ടറി പി.എസ്. പ്രശാന്ത് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് തന്നെ പരാജയപ്പെടുത്താന്‍ പാലോട് രവി ശ്രമിച്ചെന്നും കെ.സി. വേണുഗോപാല്‍ ബിജെപി ഏജന്‍റാണെന്നും ആരോപിച്ചാണ് പ്രശാന്ത് പാര്‍ട്ടി വിട്ടത്. പാലോട് രവിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായേക്കും.
തിരുവനന്തപുരം കൂടാതെ എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രസിഡന്‍റുമാര്‍ കൂടി ഇന്ന് ചുമതലയേല്‍ക്കും. എറണാകുളം ഡിസിസി പ്രസിഡന്‍റായി മുഹമ്മദ് ഷിയാസ് പദവിയേല്‍ക്കും. വൈകിട്ട് നാല് മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സാന്നിധ്യത്തിലാണ് സ്ഥാനാരോഹണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, ടിഎച്ച് മുസ്‌തഫ തുടങ്ങിയവര്‍ പങ്കെടുക്കും.
തൃശൂര്‍ ഡിസിസി പ്രസിഡന്‍റായി ജോസ് വള്ളൂർ ചുമതലയേല്‍ക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചടങ്ങില്‍ പങ്കെടുക്കും.
ALSO READ:'കോൺഗ്രസിൽ മനസമാധാനമില്ല'; പി.എസ്. പ്രശാന്ത് സിപിഎമ്മില്‍
കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റായി മാര്‍ട്ടിന്‍ ജോര്‍ജ് ഇന്ന് സ്ഥാനമേല്‍ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോണ്‍ഗ്രസ് ഭവനില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പങ്കെടുക്കും. കാസര്‍കോട് ഡിസിസിയുടെ പുതിയ പ്രസിഡന്‍റായി പി.കെ. ഫൈസല്‍ പദവിയേല്‍ക്കും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനാണ് ചടങ്ങിന്‍റെ ഉദ്‌ഘാടകന്‍.