തിരുവനന്തപുരം:എൻഡോസൾഫാൻ ദുരിതബാധിതർക്കായി നടത്തുന്ന നിരാഹാര സമരം തത്‌കാലം അവസാനിപ്പിക്കുന്നുവെന്ന് ദയാബായി. സമരം പൂർണമായി നിർത്തുന്നുവെന്ന് പറയുന്നില്ല. നിലവിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് ദയാബായി പറഞ്ഞു.
നിരാഹാര സമരം തത്‌കാലം അവസാനിപ്പിക്കുന്നുവെന്ന് ദയാബായി; വിഷയത്തില്‍ പരിഹാരം കാണുമെന്ന് മന്ത്രിമാരുടെ ഉറപ്പ് എയിംസ് അടക്കമുള്ള വിഷയങ്ങളിലും തീരുമാനമാകണം. സമരപ്പന്തലിലെത്തി നിരാഹാര സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും ദയാബായി പറഞ്ഞു. നേരത്തെ ആരോഗ്യമന്ത്രി വീണ ജോർജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദുവും സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു.
ചർച്ചക്ക് ശേഷം മന്ത്രിമാർ നൽകിയ ഉറപ്പിൽ അവ്യക്തത ഉള്ളതിനാൽ ദയാബായി സമരം അവസാനിപ്പിച്ചിരുന്നില്ല. തുടർന്ന് ഇന്ന് ഉച്ചയോടെ മന്ത്രിമാർ ജനറൽ ആശുപത്രിയിലെത്തി എത്തി രേഖാമൂലം ഉറപ്പ് നൽകുകയായിരുന്നു. ദയാബായിക്ക് വെള്ളവും നൽകിയ ശേഷമാണ് മന്ത്രിമാർ മടങ്ങിയത്.
സമരത്തോട് അനുഭാവപൂർണമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. നേരത്തെ നൽകിയ രേഖയിൽ അവ്യക്തതയുണ്ടെന്ന് പറഞ്ഞു. തുടർന്ന് തിരുത്തി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മന്ത്രി മറുപടി നൽകി.
അദ്ദേഹത്തിന്‍റെ പാർട്ടി ഭരിച്ചിരുന്ന സമയത്ത് നടപടി എടുത്തിരുന്നേൽ ഈ കഷ്‌ടപ്പാട് വരില്ലായിരുന്നു. ചെയ്യേണ്ട കാര്യങ്ങൾ സാമൂഹ്യ നീതിവകുപ്പും ആരോഗ്യ വകുപ്പും ചെയ്യുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഡേ കെയർ സ്ഥാപിക്കുമെന്നും എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സാക്യാമ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.