തിരുവനന്തപുരം: ഉത്തരേന്ത്യയിലെ ഊഷര ഭൂമികളില്‍ മര്‍ദിതനും അടിച്ചമര്‍ത്തപ്പെട്ടവനും ആദിവാസികള്‍ക്കും വേണ്ടി അധികാരികളോട് സന്ധിയില്ലാത്ത പോരാട്ടം നടത്തിയ സമരക്കരുത്തുമായാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടി 80 കാരിയായ ദയാബായി 17 ദിവസം മുന്‍പ് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്. കൃത്യമായി പറഞ്ഞാല്‍ ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിന്. ആളും ആരവവുമില്ലാതെ തുടങ്ങിയ സമരം കേവലം ഒരു വയോധികയുടെ സമരം മാത്രമെന്നും സ്വാഭാവികമായി കെട്ടടങ്ങുമെന്നും കരുതിയ സര്‍ക്കാരിനാണ് ഒടുവില്‍ ഒരു 80 കാരിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മുട്ടു മടക്കേണ്ടി വന്നിരിക്കുന്നത്.
ദയാബായിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍; മുടി മുറിക്കുമെന്ന പ്രതിജ്ഞ നിറവേറ്റി പബ്ലിസിറ്റി സ്റ്റണ്ടിനു വേണ്ടി നിരാഹാര സമരം ആരംഭിക്കുകയും അതവസാനിപ്പിക്കാന്‍ പഴുത് നോക്കുകയും ചെയ്യുന്ന രാഷ്‌ട്രീയക്കാര്‍ക്ക് ഒരു പാഠപുസ്‌തകം കൂടിയാകുകയാണ് ദയാബായിയുടെ ഈ സഹന സമരം. ദിനംപ്രതി സമരത്തിന് ബഹുജനങ്ങളുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും പിന്തുണയേറിയതിനു പിന്നിലും ദയാബായി എന്ന മാലാഖയുടെ സാന്നിദ്ധ്യമായിരുന്നു. നിരാലംബര്‍ക്കു വേണ്ടിയുള്ള സമരം സമ്പൂര്‍ണ ലക്ഷ്യത്തിലേക്ക് എത്തിയില്ലെങ്കിലും ഒട്ടുമുക്കാലും നേടിയെടുക്കാനും അവ കൃത്യമായി മന്ത്രിമാരില്‍ നിന്ന് എഴുതിവാങ്ങാനുമായതാണ് ദയാബായിയുടെ സമരത്തിന്‍റെ വിജയം.
രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ലാത്ത സമരം:സമരം അവസാനിപ്പിക്കാന്‍ മന്ത്രിമാരായ വീണാ ജോര്‍ജും ഡോ.ആര്‍.ബിന്ദുവും ആദ്യം നടത്തിയ കൂടിക്കാഴ്‌ച പ്രഹസനങ്ങളെ അവര്‍ തള്ളുകയായിരുന്നു. വീണ്ടും നിരാഹാര സമരം ആശുപത്രിയില്‍ അവര്‍ തുടര്‍ന്നു. ഒടുവില്‍ എഴുതി തയ്യാറാക്കിയ തീരുമാനങ്ങളുമായി അതേ മന്ത്രിമാര്‍ക്കു തന്നെ വീണ്ടും ദയാബായിയെ സമീപിക്കേണ്ടി വന്നു.
സമരത്തിനു പിന്നില്‍ മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലാതിരുന്നു എന്നതും സമരത്തിന്‍റെ വന്‍ വിജയത്തിനു കാരണമായി വിലയിരുത്തപ്പെടുന്നു. സമരം അവസാനിപ്പിച്ച് ആശുപത്രി വിട്ട് സമരവേദിയായ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ ദയാബായിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കരിക്കിന്‍ വെള്ളം നല്‍കി. സമരം വിജയിച്ചാല്‍ മുടിമുറിക്കുമെന്ന പ്രതിജ്ഞ ദയാബായി സെക്രട്ടേറിയറ്റിനു മുന്നില്‍ നിറവേറ്റി.
തത്‌കാലം ഒരു ഇടവേളയെടുക്കുന്നു എന്ന മുന്നറിയിപ്പോടെയാണ് ദയാബായി സമരം അവസാനിപ്പിച്ചത്. കാസര്‍കോട് ജില്ലയെ എയിംസ് പരിഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ദയനീയാവസ്ഥ പറഞ്ഞതായി ദയാബായി പറഞ്ഞു. കാസര്‍കോട്ടെ ദുരന്തങ്ങള്‍ സര്‍ക്കാരിനറിയാമായിരുന്നു. എന്നാല്‍ ജനാധിപത്യപരമായ രീതിയില്‍ സര്‍ക്കാര്‍ ഇത് കണക്കിലെടുത്തില്ല.
എയിംസിനായുള്ള സമരം തുടരുമെന്നും നിരാഹാര സമരം അവസാനിപ്പിച്ച ശേഷം ദയാബായി പറഞ്ഞു. എയിംസ് പരിഗണനാപട്ടികയില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തുക, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കാസര്‍കോട് ജില്ലയില്‍ തന്നെ വിദഗ്‌ധ ചികിത്സ ഉറപ്പാക്കുക, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികള്‍ക്ക് ഡേ കെയര്‍ ഏര്‍പ്പെടുത്തുക, എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്താന്‍ കൃത്യമായ ഇടേളകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിക്കുക, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒക്‌ടോബര്‍ രണ്ടിന് സാമൂഹിക പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്.