തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായ് സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്ന് കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ എയിംസ് പ്രൊപ്പോസലിൽ മറ്റ് നാല് ജില്ലകൾക്കൊപ്പം കാസർകോടും ഉൾപ്പെടുത്തണം എന്നതാണ് ദയാബായിയുടെ പ്രധാന ആവശ്യം.
എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച പ്രദേശങ്ങളെ കുറിച്ച് ഗവേഷണവും പഠനവും നടത്താന്‍ എയിംസിന് ശേഷിയുണ്ട്. കൊറോണ സമയത്ത് വിദഗ്‌ധ ചികിത്സയില്ലായ്‌മയുടെ ഫലം കാസർകോട് ജില്ല അനുഭവിച്ചതാണ്. ഇരുപതിലധികം ആളുകൾക്ക് ചികിത്സയ്ക്കായി അതിർത്തി കടക്കാനാകാതെ തെരുവിൽ പിടഞ്ഞ് മരിക്കേണ്ടി വന്നുവെന്ന് ദയാബായ് പറയുന്നു.
ഉക്കിനടുക്ക മെഡിക്കൽ കോളജിന് 2013ൽ തറക്കല്ലിട്ടുവെങ്കിലും പണി എങ്ങുമെത്തിയില്ല. 18 വയസ് കഴിഞ്ഞ മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ബഡ്‌സ് സ്‌കൂളിൽ പ്രവേശനമില്ല. ഇവർക്കും കിടപ്പിലായവർക്കും വേണ്ടി ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ദിനപരിചരണ കേന്ദ്രങ്ങൾ തുറക്കണമെന്നും ദയാബായ് ആവശ്യപ്പെടുന്നു.
കൊവിഡ് രോഗികൾക്ക് വേണ്ടി നിർമിച്ച ടാറ്റാ ഹോസ്‌പിറ്റൽ ന്യൂറോ സ്‌പെഷ്യലിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാവശ്യപ്പെട്ടെങ്കിലും നടപടികൾ ഒന്നുമായില്ല. വിദഗ്‌ധ ചികിത്സ ലഭ്യമാകാത്തതു മൂലം മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ കൊന്ന് അമ്മമാർ ആത്മഹത്യ ചെയ്യുകയാണ്. 2017ന് ശേഷം എൻഡോസൾഫാൻ ദുരിതബാധിതർക്കായി മെഡിക്കൽ ക്യാമ്പ് ഒന്നും നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ഇക്കാര്യത്തിലുണ്ടായേ മതിയാകൂ. മുഖ്യമന്ത്രിയെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കപ്പെടുംവരെ സമരവുമായി മുന്നോട്ട് പോകുമെന്നും ദയാബായ് ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ : അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങി ദയാബായ്