തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കായി നടത്തുന്ന നിരാഹാര സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ദയാബായി. എയിംസ് ആശുപത്രിയുടെ പ്രപ്പോസലില്‍ കാസര്‍കോടിന്‍റെ പേര് ചേര്‍ക്കുക ഉൾപ്പെടെയുള്ള സമരസമിതിയുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ സമരം അവസാനിപ്പിക്കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും ദയാബായി പറഞ്ഞു. സമരസമിതിയുമായി നടന്ന മന്ത്രിതല ചർച്ചയ്ക്ക് ശേഷം സമരം അവസാനിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചുവെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദുവും അറിയിച്ചത്.
നിരാഹാര സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ദയാബായി: സമരം അവസാനിപ്പിക്കുമെന്ന് സർക്കാർ എന്നാൽ ജനറൽ ആശുപത്രിയിലെത്തി മന്ത്രിമാർ ദയാബായിയെ കണ്ടപ്പോഴാണ് എയിംസ് അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അവർ വ്യക്തമാക്കിയത്. സമരസമിതി ഉന്നയിച്ച നാല് ആവശ്യങ്ങളിൽ മൂന്ന് ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. എൻഡോസൾഫാൻ ഇരകൾക്ക് ചികിത്സാ സൗകര്യം ഉറപ്പാക്കുമെന്ന് അരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സ സൗകര്യമൊരുക്കും. ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുന്നത് ആലോചിക്കും. 2019ലെ തീരുമാനം അനുസരിച്ചുള്ള മെഡിക്കല്‍ ക്യാമ്പ് സാമൂഹ്യ നീതി വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തുമെന്ന് മന്ത്രി ആർ ബിന്ദുവും അറിയിച്ചു. ഇത്തരം ആവശ്യങ്ങൾക്ക് ആരോഗ്യവകുപ്പ് പിന്തുണ നൽകും.
സമര സമിതി മുന്നോട്ട് വച്ച കാര്യങ്ങളിൽ 90 ശതമാനവും പരിഗണിക്കാൻ കഴിയുന്നവയാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോട് ഉൾപ്പെടുത്താനാവില്ലെന്ന നിലപാട് സർക്കാർ അറിയിച്ചു. എയിംസ് കോഴിക്കോട് സ്ഥാപിക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണിത്.
എയിംസ് ആശുപത്രിയുടെ പ്രപ്പോസലില്‍ കാസര്‍കോടിന്‍റെ പേര് ചേര്‍ക്കുക, മെച്ചപ്പെട്ട ആശുപത്രി സൗകര്യം ഒരുക്കുക, പഞ്ചായത്ത് അടിസ്ഥാനത്തില്‍ സംരക്ഷണ കേന്ദ്രം തുറക്കുക, 2019ലെ തീരുമാനം അനുസരിച്ചുള്ള മെഡിക്കല്‍ ക്യാമ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദയാബായി നടത്തുന്ന നിരാഹാരസമരം 15 ദിവസം പിന്നിടുമ്പോഴാണ് വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുന്നത്. ശാരീരികാസ്വാസ്ഥ്യം മൂലം നിലവിൽ ദയാബായിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.