തിരുവനന്തപുരം :സംസ്ഥാനത്ത് 2018ലാണ് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018ല്‍ കോഴിക്കോടും 2019ല്‍ കൊച്ചിയിലും ഇപ്പോള്‍ വീണ്ടും കോഴിക്കോടും നിപ സ്ഥിരീകരിച്ചു. ഇതുവരെ 22 പേരാണ് നിപ ബാധിച്ച് മരിച്ചത്. മൂന്ന് തവണ റിപ്പോര്‍ട്ട് ചെയ്തിട്ടും നിപയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ആദ്യമായി പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്താണ് നിപ ബാധിച്ച് മരിച്ചത്. പിന്നാലെ സാബിത്തുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം നടന്നു. വവ്വാലുകളില്‍ നിന്നാണ് നിപ ബാധയുണ്ടാകുന്നതെന്ന നിഗമനത്തില്‍ വ്യാപകമായ പരിശോധന നടന്നു. 10 വവ്വാലുകളില്‍ നിന്ന് എടുത്ത സാമ്പിളുകളില്‍ നിപ കണ്ടെത്തിയെങ്കിലും അവയില്‍ നിന്നാണോ രോഗം മനുഷ്യരിലേക്ക് പകര്‍ന്നതെന്ന് ഉറിപ്പിക്കാന്‍ കഴിഞ്ഞില്ല.
നിപ സ്ഥിരീകരിക്കുന്നതിനമുമ്പ് തന്ന സാബിത്തിന് ജീവഹാനിയുണ്ടായതിനാലാണ് കൂടുതല്‍ പഠനം നടത്താന്‍ കഴിയാതെ പോയത്. വിദഗ്‌ധ സംഘത്തിന്‍റെ നേതൃത്വത്തില്‍ പഠനം തുടങ്ങിയെങ്കിലും പാതിവഴിയില്‍ അത് ഉപേക്ഷിക്കപ്പെട്ടു. ഇപ്പോഴും നിപയുടെ ഉറവിടം അജ്ഞാതമായി തുടരുകയാണ്. ഭാവിയില്‍ ഇടയ്ക്കിടെ വ്യാപിച്ചേക്കാവുന്ന വൈറസായാണ് നിപയെ കാണേണ്ടത്.
നിപ അപകടകാരി
കൊവിഡ് കാലത്ത് നിപ കൂടി എത്തുന്നത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അപകടകാരിയായ വൈറസാണ് നിപ. മരണ സാധ്യതയും വളരെ കൂടുതലാണ്. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനം പിരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, കാഴ്‌ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് നാല് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ട് ദിവസങ്ങള്‍ക്കകം തന്നെ രോഗി അബോധാവസ്ഥയിലായേക്കാം. തലച്ചോറിലെ എന്‍സഫല്‍ എന്ന ഭാഗത്തെയും ശ്വാസകോശത്തെയും ബാധിച്ചേക്കാം.
വേണം, അതീവ ജാഗ്രത
വേഗത്തില്‍ പകരാന്‍ സാധ്യതയുള്ള വൈറസാണ് നിപ. അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. വവ്വാലുകളില്‍ നിന്നാണ് നിപ പകരുന്നതെന്ന നിഗമനമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ വവ്വാലുകളുടെ കാര്യത്തില്‍ ജാഗ്രത വേണം. വവ്വാലുകള്‍ കടിച്ചതല്ലെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത പഴങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്.
വാഴക്കൂമ്പിലെ തേന്‍ വവ്വാലുകളുടെ പ്രിയഭക്ഷണമാണ്. കള്ള് വവ്വാലുകളുടെ ഇഷ്‌ടപാനീയമായതിനാല്‍ തുറന്നുവെച്ച കള്ളുകുടങ്ങളുള്ള തെങ്ങില്‍ കയറുന്നതും അത്തരം കള്ള് കുടിക്കുന്നതിലും ശ്രദ്ധവേണം.
പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകി മാത്രം ഉപയോഗിക്കുക. ജലസ്രോതസുകളില്‍ വവ്വാലുകളുടെ ശരീരസ്രവമോ കാഷ്‌ഠമോ വീഴാതിരിക്കാന്‍ സൂക്ഷിക്കണം. മാംസം നല്ലവണ്ണം വേവിച്ച് കഴിക്കുക. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വേഗത്തില്‍ പകരാന്‍ സാധ്യതയുള്ള വൈറസാണ്. അതിനാല്‍ രോഗികളെ പരിചരിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.