കേരളം

kerala

ETV Bharat / state

കേരളം ഇന്ത്യയുടെ കൊവിഡ് തലസ്ഥാനമാകുന്നു: പ്രതിദിന കേസുകളിൽ വർധന, കനത്ത ജാഗ്രത നിർദേശം - കൊറോണ

6825 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകളും സജീവ കേസുകളും കേരളത്തിൽ

daily covid cases are increasing in Kerala  കേരളം ഇന്ത്യയുടെ കൊവിഡ് തലസ്ഥാനമാകുന്നു  ആശങ്കയുണർത്തി പ്രതിദിന കേസുകൾ വർധിക്കുന്നു  കൊവിഡ് സജീവ കേസുകൾ ഏഴായിരത്തിലേക്ക്  കൊവിഡ്  covid  corona  കൊറോണ
കൊവിഡ്

By

Published : Apr 5, 2023, 11:56 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിനു മുകളില്‍. ഇന്നലെ 1025 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതോടെ 6825 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകളും സജീവ കേസുകളും സംസ്ഥാനത്താണുള്ളത്.

അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ ആയിരത്തിന് മുകളിലെത്തുന്നത്. ഇന്നലെ 4 മരണങ്ങളും കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ് ഒരാഴ്‌ചയായി സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന കേസുകള്‍ ഇരുന്നൂറിന് മുകളിലെത്തിയപ്പോള്‍ തന്നെ കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ പകര്‍ച്ച പനിയടക്കം പടരുന്ന സാഹചര്യമായതിനാല്‍ വേണ്ടവിധത്തില്‍ പരിശോധന നടന്നില്ലെന്ന വിമര്‍ശനമുയരുന്നുണ്ട്. കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്രയാണ് കൊവിഡ് വ്യപനത്തില്‍ വര്‍ദ്ധനയുണ്ടായ സംസ്ഥാനം. ഇവിടെ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് അടുത്തെത്തിയില്ല.

ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വലിയ വര്‍ദ്ധന: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വലിയ ഇടവേളയ്ക്ക് ശേഷം ടിപിആര്‍ രണ്ടക്കത്തിലെത്തിയിരിക്കുന്നത്. പത്തിന് മുകളിലാണ് സംസ്ഥാനത്തെ ടിപിആര്‍.

10 ജില്ലകളിലും ഇതു തന്നെയാണ് സ്ഥിതി. എറണാകുളം ജില്ലയിലാണ് ടിപിആര്‍ ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. 23.99 ശതമാനമാണ് എറണാകുളം ജില്ലയിലെ ടിപിആര്‍. തിരുവനന്തപുരം ജില്ലയിലും ടിപിആര്‍ വര്‍ദ്ധിക്കുന്നുണ്ട്. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് ടിപിആര്‍ പത്തില്‍ താഴെയുള്ളത്.

പരിശോധന വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം:കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് ഇപ്പോൾ പകര്‍ച്ച പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ട്. പകര്‍ച്ച പനി ബാധിച്ചെത്തുന്നവരില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ കൊവിഡ് പരിശോധന നടത്താനാണ് നിര്‍ദ്ദേശം.

ഇതനുസരിച്ച് ആരോഗ്യ വകുപ്പും പരിശോധന വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ പകരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്നാണ് നിലവിലെ വിലയിരുത്തല്‍. അതിതീവ്രവ്യാപന ശേഷിയാണ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ പ്രത്യേകത.

അതിനാല്‍ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്‍ നിന്നും ഡബ്ല്യുജിഎസ് പരിശോധനയ്ക്ക് അയക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍

1. പ്രമേഹം, രക്തസമ്മർദ്ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.
2. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹം, രക്തസമ്മർദ്ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവര്‍ എന്നിവര്‍ക്ക് കൊവിഡ് ഇന്‍ഫ്ളുവന്‍സ രോഗലക്ഷണമുണ്ടെങ്കില്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം.
3. ആശുപത്രിയില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
4. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ആശുപത്രിയ്ക്കുള്ളില്‍ മാസ്‌ക് ധരിക്കേണ്ടതാണ്. ഇത് എല്ലാ ജില്ല മെഡിക്കല്‍ ഓഫീസര്‍മാരും ഉറപ്പുവരുത്തേണ്ടതാണ്.
5. ഇന്‍ഫ്ളുവന്‍സ രോഗലക്ഷണങ്ങളുള്ള ഗര്‍ഭിണികളെ കണ്ടെത്തുവാന്‍ ആശാ പ്രവര്‍ത്തകര്‍, ഫീല്‍ഡ് ജീവനക്കാര്‍ മുഖേന പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതാണ്. ഗര്‍ഭിണികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കൊവിഡ് പരിശോധന നടത്തേണ്ടതാണ്.
6. കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും മുന്‍കരുതല്‍ ഡോസും എടുക്കുന്നതിന്‍റെ ആവശ്യകതയെപ്പറ്റി അവബോധം നടത്തണം.
7.വീട്ടിലുള്ള കിടപ്പ് രോഗികള്‍ക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികള്‍ക്കും കൊവിഡ് വരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
8. കൊവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കിടത്തി ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികള്‍ക്കായി എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകള്‍ പ്രത്യേകമായി മാറ്റിവച്ച് ചികിത്സ ലഭ്യമാക്കേണ്ടതുമാണ്.
9. ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ അതേ ആശുപത്രിയില്‍ തന്നെ കൊവിഡ് രോഗികള്‍ക്കായി പ്രത്യേകമായി മാറ്റിവച്ചയിടത്ത് തുടര്‍ ചികിത്സ ഉറപ്പാക്കേണ്ടതാണ്.
10. മേല്‍പ്പറഞ്ഞ പ്രകാരമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളില്‍ ഒരുക്കുന്നുണ്ടെന്നും രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.

ABOUT THE AUTHOR

...view details