തിരുവനന്തപുരം: കോർപ്പറേഷൻ കത്ത് വിവാദത്തിൽ ഡി ആർ അനിൽ രാജിവച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനമാണ് രാജിവച്ചത്. സിപിഎം നിർദേശത്തെ തുടർന്നാണ് രാജി.
എസിടി ആശുപത്രിയിലെ നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് ആനാവൂർ നാഗപ്പന് നൽകാനായി അനിൽ കത്ത് തയ്യാറാക്കിയിരുന്നു. എന്നാൽ, ഈ കത്ത് കൈമാറിയില്ലെന്നും നശിപ്പിച്ചു എന്നുമാണ് അനിൽ പറഞ്ഞിരിക്കുന്നത്. താത്കാലിക നിയമനത്തിന് പട്ടിക ആവശ്യപ്പെട്ടുള്ള മേയർ ആര്യ രാജേന്ദ്രന്‍റെ കത്തിന് പിന്നാലെയാണ് അനിലിൻ്റെ കത്തും പുറത്ത് വന്നത്.
സംഭവം വിവാദമായതോടെ പ്രതിപക്ഷം 56 ദിവസം നിയമസഭയ്ക്ക് മുന്നിൽ സമരം നടത്തി. ഇന്നലെ മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് അനിലിന്‍റെ രാജി പ്രഖ്യാപിച്ചതും പ്രതിപക്ഷം സമരം പിൻവലിച്ചതും. ഇന്ന് ഉച്ചയോടെ അനിൽ കോർപ്പറേഷൻ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി.