കേരളം

kerala

ETV Bharat / state

സൈബര്‍ തട്ടിപ്പുകളില്‍ വന്‍ വര്‍ധന; 2023ല്‍ തട്ടിപ്പിന് ഇരയായത് 23,753 പേര്‍, നഷ്‌ടമായത് 201 കോടി - സൈബര്‍ തട്ടിപ്പ്

Cyber Fraud Case: സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച് പൊലീസ്. തട്ടിപ്പിന് ഇരയായാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ പരാതി നല്‍കണമെന്നും പൊലീസ്.

Cyber Fraud Case  Cyber Fraud Case Hike In Kerala  സൈബര്‍ തട്ടിപ്പ്  കേരളത്തില്‍ സൈബര്‍ തട്ടിപ്പ്
Cyber Fraud Case Hike In Kerala; Police Cautioned People

By ETV Bharat Kerala Team

Published : Jan 15, 2024, 8:28 PM IST

Updated : Jan 15, 2024, 10:51 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് നഷ്‌ടമായത് 201 കോടി രൂപ. ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക് നഷ്‌ടമായ 74 കോടി രൂപയും ഇതില്‍ ഉള്‍പ്പെടും. ഇത്തരം തട്ടിപ്പുകള്‍ക്കായി ഉപയോഗിച്ച 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈല്‍ നമ്പറുകളും 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും കേരള പൊലീസ് സൈബര്‍ വിഭാഗം ബ്ലോക്ക് ചെയ്‌തു. ഏതാനും ചില തട്ടിപ്പുകളില്‍ നഷ്‌ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തിരികെ പിടിക്കാന്‍ സാധിച്ചിട്ടുണ്ട്.

തട്ടിപ്പുകള്‍ ഇങ്ങനെ:വന്‍ ലാഭം വാഗ്‌ദാനം ചെയ്‌തുകൊണ്ട് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങള്‍ വഴിയാണ് നിക്ഷേപ തട്ടിപ്പുകള്‍ക്ക് തുടക്കമിടുന്നത്. ഇത്തരം പോസ്റ്റില്‍ കാണുന്ന നമ്പറില്‍ ബന്ധപ്പെടുന്നവരെ തട്ടിപ്പുകാര്‍ തങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പില്‍ അംഗങ്ങളാക്കുന്നു. തുടര്‍ന്ന് കൃത്രിമമായി നിര്‍മ്മിച്ച വെബ്സൈറ്റ് മുഖേന നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു (Cyber Fraud Case).

ആദ്യഘട്ടത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്ക് അമിതലാഭം നല്‍കുന്നതോടെ പരാതിക്കാര്‍ക്ക് തട്ടിപ്പുകാരില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാകുകയും വന്‍തുക നിക്ഷേപമായി നല്‍കാന്‍ തയ്യാറാകുകയും ചെയ്യുന്നു. അതേസമയം നിക്ഷേപകര്‍ എന്ന വ്യാജേന തട്ടിപ്പുകാരുടെ സഹായികള്‍ തങ്ങള്‍ക്ക് വന്‍ തുക ലാഭം കിട്ടിയെന്ന് കാണിക്കുന്ന തരത്തിലുള്ള സ്ക്രീന്‍ ഷോട്ടുകളും മറ്റും ടെലിഗ്രാം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നു. ഇതോടെ വന്‍തുക നിക്ഷേപമായി നല്‍കാന്‍ ഇരകള്‍ തയ്യാറാകുന്നു. തങ്ങള്‍ നിക്ഷേപിച്ച തുകയുടെ രണ്ടോ മൂന്നോ ഇരട്ടി ലാഭ വിഹിതമായി ലഭിച്ചതായി വെബ്സൈറ്റില്‍ അറിയിപ്പ് കിട്ടുന്നതാണ് അടുത്ത പടി (Fraud Case In Kerala).

ഈ തുക പിന്‍വലിക്കണമെന്ന് ഇരകള്‍ ആവശ്യപ്പെടുമ്പോള്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ മാത്രമെ മുതലും ലാഭവിഹിതവും പിന്‍വലിക്കാന്‍ കഴിയൂവെന്ന് വിശ്വസിപ്പിച്ച് കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇരകളെ പ്രേരിപ്പിക്കുന്നു. കൂടാതെ, നിക്ഷേപം പിന്‍വലിക്കാനായി ജിഎസ്‌ടിയും ടാക്‌സും എന്ന വ്യാജേന കൂടുതല്‍ പണം തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പുകളാണ് ദിവസേന സംസ്ഥാനത്ത് നടക്കുന്നത്.

എറണാകുളം തൃക്കാക്കര സ്വദേശിയില്‍ നിന്ന് രണ്ടുകോടി 60 ലക്ഷം രൂപയും എറണാകുളം ആലുവ സ്വദേശിയില്‍ നിന്ന് ഒരുകോടി 10 ലക്ഷം രൂപയും കോഴിക്കോട്, ആലപ്പുഴ സ്വദേശികളില്‍ നിന്ന് 50 ലക്ഷം രൂപയും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്‌ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതാണ് കേരള പൊലീസ് നേരിടുന്ന പ്രധാന പ്രശ്‌നം. പണം നഷ്‌ടമായി 2 മണിക്കൂറിനുള്ളില്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിവരം അറിയിച്ചാല്‍ പണം തിരികെ പിടിക്കുന്നതിനുള്ള സാധ്യത വളരെയേറെയാണ്. എന്നാല്‍ പലപ്പോഴും പണം നിക്ഷേപിച്ച് 10 ദിവസം വരെ കഴിഞ്ഞാണ് പൊലീസിന് പരാതികള്‍ ലഭിക്കുന്നത്. ഇതിനാല്‍ തട്ടിപ്പുകാര്‍ക്ക് തുക പിന്‍വലിക്കുന്നതിന് ആവശ്യമായ സമയം ലഭിക്കുന്നു.

ഇത്തരം നിക്ഷേപ തട്ടിപ്പില്‍പ്പെടാതിരിക്കാനായി പണം നിക്ഷേപിക്കുന്നതിന് മുമ്പ് തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പരിശോധിച്ച് സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതാണ്. അതിന് ബുദ്ധിമുട്ടുള്ളവര്‍ തൊട്ടടുത്ത ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്‍റെ വിശ്വാസ്യത ഉറപ്പുവരുത്തിയതിന് ശേഷം മാത്രമെ നിക്ഷേപം നടത്താവൂ.

ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം:സൈബര്‍ തട്ടിപ്പുകള്‍ ദിനംപ്രതി വര്‍ധിച്ച് വരികയാണ്. പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ അറിയിക്കാവുന്നതാണെന്നും പൊലീസ് പറയുന്നു.

Last Updated : Jan 15, 2024, 10:51 PM IST

ABOUT THE AUTHOR

...view details