തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി ലഭിച്ചിട്ടും രണ്ടു മാസമായി കസ്റ്റംസ് അന്വേഷണം മരവിപ്പിച്ചത് ആരുടെ നിര്‍ദേശ പ്രകാരമെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന സ്വപ്‌ന സുരേഷിന്‍റെ രഹസ്യമൊഴി ഞെട്ടിപ്പിക്കുന്നതാണ്. നരേന്ദ്രമോദി - പിണറായി വിജയന്‍ കൂട്ടുകെട്ടിന്‍റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍.
'കസ്റ്റംസ് അന്വേഷണം മരവിപ്പിച്ചത് ആരുടെ നിര്‍ദേശ പ്രകാരം': രമേശ് ചെന്നിത്തല നിര്‍ണായക മൊഴി ഉണ്ടായിട്ടും ഒരു അന്വേഷണവും നടന്നില്ല. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന സ്ഥിതിയെത്തിയപ്പോള്‍ എല്ലാം അവസാനിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മോദിയേയും അമിത് ഷായേയും മുഖ്യമന്ത്രി വിമര്‍ശിച്ചിട്ടില്ല. ലാവ്ലിന്‍ കേസിലടക്കം പിണറായി വിജയനെ സഹായിക്കുന്ന നിലപാട് കേന്ദസര്‍ക്കാര്‍ എടുക്കുന്നത് ഈ ബന്ധം കൊണ്ടാണ്. ഇത് മറച്ചു വയ്ക്കാനാണ് കോണ്‍ഗ്രസിനെ ആക്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ആര്‍എസ്എസിന്‍റെ വോട്ട് വാങ്ങി ജയിച്ച പിണറായി വിജയന്‍ കോണ്‍ഗ്രസിനെ കുറിച്ച് പറയുന്നത് തമാശ മാത്രമാണ്. കോണ്‍ഗ്രസിനെ തോൽപിക്കാന്‍ സിപിഎം ആര്‍എസ്എസ് കരാറുണ്ടാക്കിയിട്ടുണ്ട്. വികസനത്തെ അട്ടിമറിച്ചെന്ന് സിപിഎമ്മിന് പ്രചാരണം നടത്താനാണ് കിഫ്‌ബിക്കെതിരെ ഇഡി കേസെടുത്തത്. പിണറായിയുടേയും തോമസ് ഐസക്കിന്‍റെയും വെല്ലുവിളി തമാശയായി കണ്ടാല്‍ മതി. ഗുരുതരമായ ഈ രോപണമുയര്‍ന്ന മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. പ്രതിപക്ഷ അരോപണങ്ങള്‍ എല്ലാം ശരിയെന്ന് തെളിഞ്ഞതായും രമേശ് ചെന്നിത്തല പറഞ്ഞു.
പിണറായി വിജയന്‍റെ തറവാട് സ്വത്തല്ല സര്‍ക്കാര്‍ പണം. കിഫ്ബിയെയും വികസനത്തെയുമല്ല അതിന്‍റെ പേരില്‍ നടക്കുന്ന കൊള്ളയെയാണ് എതിര്‍ക്കുന്നത്. ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് വികസനം സര്‍ക്കാരിന്‍റെ വികസനം ഊതി വീര്‍പ്പിച്ച ബലൂണാണ്. അത് പ്രതിപക്ഷം കുത്തി പൊട്ടിച്ചതിന്‍റെ വേവലാതിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയില്‍ കാണാന്‍ കഴിയുന്നതെന്നും ചെന്നിത്തല പറഞ്ഞു.