തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യസഭ എംപിയുടെ മകന്‍റെ വസ്ത്രമഴിച്ച് പരിശോധന നടത്തിയതായി പരാതി. രാജ്യസഭ അംഗമായ അബ്‌ദുല്‍ വഹാബ് എംപിയുടെ മകനെയാണ് കള്ളക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് കസ്റ്റംസ് അനുമതിയില്ലാതെ വസ്ത്രമഴിച്ച് പരിശോധിച്ചത്. സംഭവത്തിൽ അബ്‌ദുൽ വഹാബ് എംപി കസ്റ്റംസ് കമ്മിഷണർക്ക് പരാതി നൽകി.
എന്നാല്‍ എംപിയുടെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നതായാണ് സംഭവത്തില്‍ കസ്റ്റംസ് നല്‍കുന്ന വിശദീകരണം. യാത്രക്കാരുടെ പട്ടികയില്‍ എംപിയുടെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നു. എക്‌സ്‌റെ പരിശോധനയ്‌ക്ക് ശേഷം ഇയാളെ വിട്ടയച്ചിരുന്നുവെന്നും കസ്റ്റംസ് വിഭാഗം വിശദീകരിക്കുന്നു.
അബ്‌ദുൽ വഹാബ് എംപിയുടെ പ്രതികരണം നവംബര്‍ ഒന്നിന് എംപിയുടെ മകന്‍ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു സംഭവം. എംപിയുടെ മകനാണെന്ന് പറഞ്ഞിട്ടും അധികൃതര്‍ വിശ്വസിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള എക്‌സ്‌റേ പരിശോധനയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.
പരിശോധനയിൽ ഒന്നും കണ്ടെത്താത്തതിനെത്തുടർന്ന് വിട്ടയയ്ക്കുകയായിരുന്നു. എക്‌സ്റേ പരിശോധനയ്ക്ക് മുൻപ് യാത്രക്കാരന്‍റെ അനുമതിയോ മജിസ്‌ട്രേറ്റിന്‍റെ അനുമതിയോ വേണമെന്നിരിക്കെ ഇത് പാലിക്കാതെയാണ് പരിശോധന നടത്തിയതെന്നാണ് ആരോപണം. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്ര സർക്കാരിനും പരാതി നൽകിയിട്ടുണ്ട്.