തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ഫോർട്ട് സ്‌റ്റേഷനിൽ പൊലീസുകാർ ഉരുട്ടിക്കൊലപ്പെടുത്തിയ ഉദയകുമാറിന്‍റെ അമ്മ പ്രഭാവതിയമ്മ. ക്രിമിനലുകളെ പൊലീസിൽ വച്ചു പൊറുപ്പിക്കരുത്. കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ നിന്നും ജീവൻ യാചിച്ചു കൊണ്ടുള്ള നിലവിളി ഇനി ഉയരാൻ പാടില്ലെന്നും പ്രഭാവതിയമ്മ ഇടിവി ഭാരതിനോട് പറഞ്ഞു.
ഒരു പൊലീസ് സ്റ്റേഷനിൽ നിന്നും ജീവൻ യാചിച്ച് ഇനി നിലവിളി ഉയരരുത്: പ്രഭാവതിയമ്മ - custody death
കസ്റ്റഡിയിൽ ഒരു പൗരൻ കൊല്ലപ്പെട്ടാൽ ജഡം മോർച്ചറിയിലേക്ക് മാറ്റും മുൻപ് ഉത്തരവാദിയായ പൊലീസുകാരനെ പിരിച്ചുവിടണമെന്ന് കസ്റ്റഡിയില്‍ മരിച്ച ഉദയകുമാറിന്‍റെ അമ്മ പ്രഭാവതിയമ്മ.

മകനെ കൊലപ്പെടുത്തിയ കാക്കിയിട്ട കൊലപാതകികളെ ജയിലിലടക്കാൻ ഒന്നര പതിറ്റാണ്ടാണ് പ്രഭാവതിയമ്മ ഒറ്റയാൾ പോരാട്ടം നടത്തിയത്. മോഷണകുറ്റം ആരോപിച്ച് 2005 സെപ്‌തംബർ ഇരുപത്തിയേഴിന് തിരുവനന്തപുരം ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ പൊലീസ് ഉരുട്ടി കൊലപ്പെടുത്തി എന്നാണ് കേസ്. നിരാശയായി ഇരിക്കാതെ നിയമ പോരാട്ടം നടത്തി ഈ വൃദ്ധ മാതാവ് നേടിയ വിജയം കേരളത്തിലെ അമ്മമാർക്ക് വേണ്ടിയായിരുന്നു. പക്ഷേ ഉദയകുമാറിന്‍റെ കൊലയാളികൾക്ക് ശിക്ഷ വിധിച്ച് ഒരാണ്ട് പിന്നിടും മുമ്പേയാണ് വീണ്ടും കസ്റ്റഡി മരണം സംഭവിച്ചത്. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഭരണാധികാരികളും ജനങ്ങളും ഇതിനെതിരെ ഒന്നിക്കണമെന്നാണ് പ്രഭാവതിയമ്മയുടെ ആവശ്യം. കേരളത്തിലെ ഒരമ്മയും ഇനി കണ്ണീര് കുടിക്കരുത്. കസ്റ്റഡിയിൽ ഒരു പൗരൻ കൊല്ലപ്പെട്ടാൽ ജഡം മോർച്ചറിയിലേക്ക് മാറ്റും മുമ്പ് ഉത്തരവാദിയായ പൊലീസുകാരനെ പിരിച്ചുവിടണമെന്നും പ്രഭാവതിയമ്മ പറഞ്ഞു.