കേരളം

kerala

ETV Bharat / state

ദേശീയ വിദ്യാഭ്യാസ നയം പടിക്ക് പുറത്ത്; പതിറ്റാണ്ടിനുശേഷം കേരളം പാഠപുസ്‌തകം പരിഷ്‌ക്കരിച്ചു - കേരളത്തിലെ പാഠപുസ്‌തകം

Minister V Sivankutty on new Textbooks: അറിവിന്‍റെ തലത്തിൽ വന്ന വളർച്ച, ശാസ്ത്ര സാങ്കേതിക രംഗത്ത് വന്ന കുതിപ്പ്, വിവര വിനിമയ രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങൾ, സമൂഹത്തിന് വിവര സാങ്കേതിക രംഗത്ത് തുറന്നു കിട്ടുന്ന പ്രാപ്യത, അവസരങ്ങൾ, തുടങ്ങിയവയെല്ലാം പാഠ്യ പദ്ധതിയിൽ പ്രതിഫലിക്കുന്നുണ്ട്. കൂടാതെ ദേശീയ വിദ്യാഭ്യാസ നയം 2020 ന്‍റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് പാഠപുസ്‌തകങ്ങള്‍ പരിഷ്‌കരിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി.

New Textbooks in kerala  V Sivankutty  കേരളത്തിലെ പാഠപുസ്‌തകം  മന്ത്രി വി ശിവന്‍കുട്ടി
Curriculum Steering Committee approves new Textbooks

By ETV Bharat Kerala Team

Published : Jan 16, 2024, 5:57 PM IST

മന്ത്രി വി ശിവന്‍കുട്ടിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

തിരുവനന്തപുരം:ചരിത്രം വളച്ചൊടിച്ചും ശാസ്ത്ര സത്യങ്ങളെ വിസ്‌മരിച്ച് മിഥ്യകളെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന തരത്തിലേക്ക് രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര ഭരണകൂടം മാറ്റിയെന്ന വിമര്‍ശം കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനുണ്ട്. അതുകൊണ്ട് തന്നെ 2020 ല്‍ കേന്ദ്രം പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിന്നും കൃത്യമായ അകലം പാലിച്ചാണ് സംസ്ഥാനം പാഠപുസ്‌തകങ്ങള്‍ പരിഷ്‌കരിച്ചതെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ വാര്‍ത്താസമ്മേളനം.

2007 ൽ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചതിന് ശേഷം സമഗ്രമായ മാറ്റത്തിനു വിധേയമാകുന്നത് ഇപ്പോഴാണ്. കഴിഞ്ഞ 16 വർഷമായി അറിവിന്‍റെ തലത്തിൽ വന്ന വളർച്ച, ശാസ്ത്ര സാങ്കേതിക രംഗത്ത് വന്ന കുതിപ്പ്, വിവരവിനിമയ രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങൾ, സമൂഹത്തിന് വിവര സാങ്കേതിക രംഗത്ത് തുറന്നു കിട്ടുന്ന പ്രാപ്യത, അവസരങ്ങൾ തുടങ്ങിയവയെല്ലാം പാഠ്യ പദ്ധതിയിൽ പ്രതിഫലിക്കേണ്ടതുണ്ട്.

കൂടാതെ ദേശീയ വിദ്യാഭ്യാസ നയം 2020 ന്‍റെ പശ്ചാത്തലം കൂടി കണക്കിലെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി, ജനാധിപത്യവും മത നിരപേക്ഷതയും അടിത്തറയാക്കി കൊണ്ടുള്ള നവകേരള സങ്കൽപങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള കേരളീയ അന്വേഷണങ്ങൾക്ക് സ്‌കൂൾ വിദ്യാഭ്യാസം പിന്തുണ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വളരെ സമയമെടുത്ത് തികച്ചും ജനകീയവും സുതാര്യവും ആയി പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ നടത്താനാണ് ശ്രമിച്ചിട്ടുള്ളത്. വിദ്യാഭ്യാസനയം 2020 ലെ മാർഗ നിർദേശങ്ങൾക്ക് പകരം ജനകീയമായ ചർച്ചകളും പഠനങ്ങളും നടത്തി കേരളത്തിന്‍റെ തനിമ നിലനിൽക്കുന്ന പാഠ്യപദ്ധതി രൂപീകരിക്കുന്ന സംവിധാനത്തിലൂടെയാണ് നാം കടന്നു പോയതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അടിവരയിട്ട് പറഞ്ഞു.

ദേശീയതലത്തിൽ തന്നെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്ന സംസ്ഥാനം കേരളമാണ്. അക്കാദമിക രംഗത്തും അല്ലാതെയും ജനാധിപത്യ വിരുദ്ധമായ നടപടികൾ രാജ്യത്ത് സംഭവിക്കുമ്പോൾ അതിനെ അക്കാദമികമായി ചെറുക്കാൻ നാം ശ്രമിച്ചിട്ടുണ്ട്. അത് തുടരുകതന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പരിഷ്‌കരണ പ്രവർത്തനങ്ങളാണ് കേരളം പിന്തുടരുക എന്ന് തുടക്കം മുതൽ തന്നെ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത്. അത് കുട്ടികൾ ഉൾക്കൊള്ളാനാവശ്യമായ പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയിലുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

പുസ്‌തകങ്ങളിൽ പ്രാധാന്യം ഇവയ്ക്ക്:എല്ലാ ക്ലാസുകളിലെ പുസ്‌തകങ്ങളിലും ഭരണഘടനയുടെ ആമുഖവും മലയാളം അക്ഷരമാലയും ഉൾപ്പെടുത്തും. കൂടാതെ കലാകായിക വിദ്യാഭ്യാസങ്ങൾക്ക് പ്രാധാന്യം നൽകും. പോക്സോ നിയമത്തെക്കുറിച്ചും പുസ്തകത്തിൽ പഠിപ്പിക്കും.

അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് തൊഴിൽ വിദ്യാഭ്യാസം നൽകും. ഒന്നാം ക്ലാസിലെ എല്ലാ പുസ്തകങ്ങൾക്കും പ്രവർത്തന പുസ്തകം തയ്യാറാക്കും. പുസ്‌തകം പ്രസിദ്ധീകരിക്കുന്നതോടൊപ്പം തന്നെ ഡിജിറ്റൽ പതിപ്പ് പുറത്തിറങ്ങും.
പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്‍റെ ഭാഗമായി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. ഇതിനുപുറമേ അധ്യാപകർക്കും രക്ഷകർത്താക്കൾക്കും കൈ പുസ്‌തകവും തയ്യാറാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ കലോത്സവത്തിൽ ചിത്രരചനയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളാണ് പുസ്‌തകത്തിലെ ചിത്രങ്ങൾ വരച്ചത്. ജനാധിപത്യവും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നത് ആവണം പാഠപുസ്‌തകങ്ങളെന്നും അവ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ മാത്രമാവാൻ പാടില്ലെന്നും ഹയർ സെക്കൻഡറിയിൽ അത്തരം നടപ്പിലാക്കൽ വന്നാൽ പകരം സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി സൂചിപ്പിച്ചു.

ALSO READ:പാഠ്യ പദ്ധതി പരിഷ്‌കരണം യാഥാര്‍ഥ്യമാകുന്നു;പുസ്‌തകങ്ങളില്‍ മാറ്റം വരുന്നത് 10 വര്‍ഷങ്ങള്‍ക്ക് ശേഷം

ABOUT THE AUTHOR

...view details