തിരുവനന്തപുരം:എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കുന്നതില്‍ വിമര്‍ശനവുമായി കേരള പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ് (Director Of Public Education Kerala Criticized Giving Marks Randomly In SSLC Examination). അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്ന സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്ന് ഷാനവാസ് പറഞ്ഞു. കഴിഞ്ഞ നവംബര്‍ 22ന് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകർക്കായി വിളിച്ച യോഗത്തിലാണ് വിദ്യാർഥികൾക്കെതിരെയടക്കം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ വിവാദ പരാമർശം നടത്തിയത്.
യോഗത്തിൽ നിന്നും ചോർന്ന ശബ്‍ദരേഖയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പരാമര്‍ശം. 50% വരെയുള്ള മാർക്കുകൾ ഔദാര്യമായി നൽകാം. എന്നാൽ അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്ന അവസ്ഥയാണ് കേരളത്തിൽ. അങ്ങനെ ഉളളവർ ഇനി എ പ്ലസ് നേടരുതെന്നും ഇത് കുട്ടികളോടുള്ള ചതിയാണെന്നുമാണ് ഷാനാവാസ് പറയുന്നത്.
കേരളത്തിൽ നിലവിൽ 69,000 ത്തിലധികം വിദ്യാർഥികൾ എ പ്ലസ് നേടുമ്പോൾ ഭൂരിഭാഗം വിദ്യാർഥികൾക്കും സ്വന്തം പേരും രജിസ്റ്റർ നമ്പറും കൂട്ടിവായിക്കാൻ അറിയാത്ത, അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാത്തവരാണ്. എ പ്ലസ് ഗ്രേഡും എ ഗ്രേഡുമൊക്കെ നിസാരമാണോ. ജയിക്കുന്നവർ ഒക്കെ ജയിച്ചു പോട്ടെ, 50 ശതമാനം മാർക്ക് വരെ ഔദാര്യം നൽകാം എന്നാൽ അതിനുശേഷം ഉള്ള മാർക്ക് വിദ്യാര്‍ഥികള്‍ നേടി എടുക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.