തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ചെറുമകള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് അധികൃതര്‍ക്ക് അതിവേഗ നോട്ടീസ് നല്‍കിയ സംസ്ഥാന ബാലാവകാശ കമ്മിഷന്‍റെ നടപടി വിവാദത്തില്‍.
അധ്യക്ഷന്‍ കെ.വി മനോജ് കുമാറിന്‍റെ നേതൃത്വത്തിലാണ് ഇ.ഡി പരിശോധനയ്ക്കിടെ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് കമ്മിഷന്‍ അധ്യക്ഷനും അംഗങ്ങളും രാവിലെ എത്തിയത്. ബിനീഷിന്‍റെ രണ്ടര വയസുകാരിയായ മകളെ ഇ.ഡി അന്യായമായി തടഞ്ഞു വച്ചിരിക്കുകയാണെന്നും ഭക്ഷണവും വെള്ളവും പോലും നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍ ഇ.ഡി ചോദ്യം ചെയ്യുന്നിടത്തേക്ക് എത്തിയത്. അകത്തേക്കു കടക്കണമെന്ന കമ്മിഷന്‍ അധ്യക്ഷന്‍റെ വാദം ഇ.ഡി അധികൃതര്‍ തള്ളിയതോടെ ഉടനടി കുട്ടിയെ മോചിപ്പിക്കണമെന്ന നോട്ടീസ് അവിടെ വച്ചു തന്നെ പുറപ്പെടുവിച്ചു.
കമ്മിഷന് ജുഡീഷ്യല്‍ അധികാരമുണ്ടെന്നും ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നും മതിലിനു പുറത്തു നിന്ന് കമ്മിഷന്‍ അംഗങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതോടെ ബിനീഷിന്‍റെ ഭാര്യ, രണ്ടര വയസുകാരിയായ മകള്‍, ഭാര്യാമാതാവ് എന്നിവര്‍ക്ക് വീടിനു പുറത്തിറങ്ങി ബന്ധുക്കളെ കാണാന്‍ ഇ.ഡി അനുവാദം നല്‍കി. അതേസമയം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ പാലാത്തായി പീഡനക്കേസിലെ ഇരയെയോ വാളയാര്‍ പീഡനക്കേസിലെ ഇരകളുടെ മാതാപിതാക്കളെയോ ഇന്നുവരെ നേരില്‍കാണാന്‍ തയ്യാറാകാത്ത കമ്മിഷന്‍ കോടിയേരിയുടെ കൊച്ചു മകള്‍ ഭക്ഷണം കഴിച്ചില്ലെന്നറിഞ്ഞ് ഓടിയെത്തിയതെന്തിനായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരിഹാസം.