തിരുവനന്തപുരം:കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയാണ് (National Crime Records Bureau) ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. 2020നും 2022നും ഇടയിലെ കണക്കുകളെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2022ല്‍ മാത്രം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് 15,213 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത് (Crimes Against Women in Kerala 2022). 2020 ല്‍ ഇത് 10,139 ആയിരുന്നു. 2022 ലെ 15,213 കേസുകളില്‍ 4,998 എണ്ണവും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 4,940 കേസുകള്‍ സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
2,957 പോക്‌സോ കേസുകളാണ് 2022ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്‌തതെന്നാണ് പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് (Pocso Case Registered In Kerala 2022). മുന്‍വര്‍ഷങ്ങളിലെ കേസുകള്‍ ഉള്‍പ്പടെ ആകെ 20,528 കേസുകളാണ് 2022ല്‍ പൊലീസ് അന്വേഷിച്ചത്. ഇതിൽ 15,782 കുറ്റപത്രങ്ങൾ സമർപ്പിക്കാന്‍ പൊലീസിനായി. 6,792 കേസുകളുടെ അന്വേഷണത്തിലാണ് തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നത്.
വിവിധ കോടതികളിലായി 2022 ല്‍ 92,929 കേസുകളാണ് വിചാരണയ്‌ക്കായി ലിസ്റ്റ് ചെയ്‌തിരുന്നത്. ഇതിൽ മുൻവർഷങ്ങളിലെ 77,147 കേസുകളും ഉൾപ്പെടുന്നുണ്ട്. കോടതിയിലെത്തിയ കേസുകളില്‍ 8,397 എണ്ണം തീർപ്പാക്കി. 7,768 കേസുകളുടെ മാത്രം വിചാരണ പൂര്‍ത്തിയായതാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കണക്കുകള്‍ സൂചിപ്പിക്കുന്നത് 84,532 കേസുകൾ കോടതികളിൽ വിചാരണ ചെയ്യപ്പെടാതെ കിടക്കുന്നു എന്നാണ്.