തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്‍റെ പോക്‌സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പങ്കുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം തള്ളി ക്രൈം ബ്രാഞ്ച്. കേസ് അന്വേഷണത്തിനിടെ ഒരിക്കല്‍ പോലും കെ.സുധാകരന്‍റെ പേര് ഉയര്‍ന്ന് വന്നിട്ടില്ലെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടി കെ സുധാകരനെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. മോന്‍സന്‍റെ പീഡന കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയില്ലാത്ത സാഹചര്യത്തില്‍ കെ സുധാകരനെതിരെ അന്വേഷണം ഉണ്ടാകില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയില്‍ ചോദ്യം ചെയ്യാന്‍ മാത്രമാണ് സുധാകരന് നോട്ടിസ് നല്‍കിയതെന്നും ക്രൈ ബ്രാഞ്ചിന്‍റെ വിശദീകരണം. പീഡന കേസില്‍ ചോദ്യം ചെയ്യാനാണ് കെ സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചതെന്നും പത്ര വാര്‍ത്തയില്‍ നിന്നും ക്രൈംബ്രാഞ്ചില്‍ നിന്നുമാണ് ഇതേ കുറിച്ച് തനിക്ക് അറിവ് ലഭിച്ചതെന്നുമാണ് ഗോവിന്ദന്‍റെ വാദം. വിഷയത്തില്‍ സുധാകരൻ വേറെ എന്ത് വിശദീകരണം നൽകിയിട്ടും കാര്യമില്ലെന്നും ഗൗരവകരമായ അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക് എന്നും ഗോവിന്ദന്‍ ആരോപിച്ചിരുന്നു.
എംവി ഗോവിന്ദനെതിരെ പരാതി:മോന്‍സണ്‍ മാവുങ്കലിന്‍റെ പീഡന കേസില്‍ കെ സുധാകരന് പങ്കുണ്ടെന്ന് ആരോപിച്ച സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ പായിച്ചിറ നവാസ് രംഗത്തെത്തി. ഡിജിപിക്കാണ് നവാസ് പരാതി നല്‍കിയത്. പോക്‌സോ കേസില്‍ കെ സുധാകരന് പങ്കുണ്ടെന്ന പ്രസ്‌താവന കലാപാഹ്വാനമാണെന്നും നവാസ് പരാതിയില്‍ പറയുന്നു.