തിരുവനന്തപുരം : ജില്ലയിലെ ഗുണ്ട ആക്രമണങ്ങളില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പാറ്റൂരിൽ നടന്ന ഗുണ്ട ആക്രമണം, മേട്ടുക്കടയില്‍ ഗുണ്ട നേതാവിന്‍റെ വീട് കയറി നടത്തിയ അതിക്രമം എന്നീ കേസുകളാണ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്. രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കും.
പാറ്റൂർ കേസ് അന്വേഷിച്ചിരുന്ന പേട്ട എസ്എച്ച്ഒ റിയാസ് രാജയെ മാഫിയ ബന്ധത്തിന്‍റെ പേരിൽ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയത്. ഓംപ്രകാശും സംഘവുമാണ് പാറ്റൂരിൽ അക്രമം നടത്തിയതെന്ന് പരിക്കേറ്റവർ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.
ഇതിന് തൊട്ടുമുമ്പുള്ള ദിവസം മുട്ടടയിലും സമാനമായ ഗുണ്ട ആക്രമണമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാകാം പാറ്റൂരിലെ ആക്രമണമെന്നാണ് പൊലീസ് നിഗമനം. പാറ്റൂരിലെ ആക്രമണത്തിൽ മുഖ്യപ്രതികളായ ഓംപ്രകാശിനെയും പുത്തൻപാലം രാജേഷിനെയും പൊലീസിന് ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല. പാറ്റൂരിൽ ബിൽഡര്‍ നിധിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ഓംപ്രകാശ്.
Also read:തലസ്ഥാനത്ത് ഗുണ്ട ആക്രമണം : പാറ്റൂരിൽ നാല് യുവാക്കൾക്ക് വെട്ടേറ്റു
മുഖ്യപ്രതികളായ ആരിഫ്, ആസിഫ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. 12 പ്രതികളിൽ 5 പേരെ മാത്രമാണ് ഇതുവരെ പിടികൂടിയത്. തിരുവനന്തപുരം നഗരത്തിലും മംഗലപുരത്തുമുണ്ടായ ഗുണ്ട ആക്രമണങ്ങളിൽ ഒളിവിലുളള പ്രതികളെ പിടികൂടാനും പൊലീസിന് ഇതേവരെ കഴിഞ്ഞിട്ടില്ല.
പാറ്റൂർ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനും മംഗലപുരം എസ്എച്ച്ഒയും സസ്പെൻഷനിലായതോടെ പുതിയ ഉദ്യോഗസ്ഥരെ പകരം നിയമിക്കേണ്ടതുണ്ട്. അതേസമയം ഗുണ്ട ബന്ധമുളള പൊലീസുകാരെ കണ്ടെത്താൻ ജില്ലാതല പരിശോധനയ്ക്ക് ഡിജിപി നേരത്തെ നിർദേശം നല്‍കിയിരുന്നു. പൊലീസുകാരുടെയും എസ്ഐമാരുടെയും പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ല പൊലീസ് മേധാവിമാർക്കുള്ള നിർദേശം.