തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ഇടവേളയ്ക്ക് ശേഷം അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. മേയറുടെ ഓഫിസില്‍ നിന്ന് അഞ്ച് ഹാര്‍ഡ് ഡിസ്‌ക്കുകളും മേയര്‍ ആര്യ രാജേന്ദ്രന്‍റെ കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്‌ക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവയെല്ലാം ഫോറന്‍സിക് പരിശോധനക്കയച്ചു.
കത്ത് വിവാദം; അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്; മേയറുടെ ഓഫിസിലെ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ കസ്റ്റഡിയിലെടുത്തു
കത്ത് വിവാദത്തില്‍ നടപടികള്‍ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. മേയര്‍ ആര്യ രാജേന്ദ്രന്‍റെ കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്‌ക്കും ഓഫിസിലെ മറ്റ് അഞ്ച് ഹാര്‍ഡ് ഡിസ്‌ക്കുകളും കസ്റ്റഡിയിലെടുത്തു. ഡിസ്‌ക്കുകള്‍ ഫോറന്‍സിക് പരിശോധനക്കയച്ചു.
വിവാദത്തിനിടയാക്കിയ കത്തിന്‍റെ ഒറിജിനല്‍ കണ്ടെത്താനാണ് ക്രൈംബ്രാഞ്ച് ശ്രമം. താത്കാലിക നിയമനം നടത്തുന്നതിനുള്ള ആളുകളുടെ പട്ടിക ആവശ്യപ്പെട്ടുള്ള കത്തിന്‍റെ പകര്‍പ്പ് വാട്‌സ്‌ആപ്പിലൂടെയാണ് പുറത്ത് വന്നത്. സംഭവം വിവാദമായതോടെ കത്ത് വ്യാജമാണെന്നായിരുന്ന മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി. എന്നാല്‍ നഗരസഭ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനില്‍ പറഞ്ഞതാകട്ടെ കത്ത് താന്‍ തയ്യാറാക്കിയതാണെന്നും എന്നാല്‍ കത്ത് കൈമാറാതെ നശിപ്പിക്കുകയായിരുന്നെന്നും.
ഫോറന്‍സിക് പരിശോധനയിലൂടെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഇന്നലെ ഡിആര്‍ അനിലിനോട് പൊതുമരാമത്ത് സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വയ്‌ക്കാന്‍ സിപിഎം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചും നടപടികള്‍ വേഗത്തിലാക്കിയത്. കേസില്‍ നേരത്തെ ആര്യ രാജേന്ദ്രന്‍റെയും അനിലിന്‍റെയും മൊഴി രേഖപ്പെടുത്തുക മാത്രമാണ് ക്രൈംബ്രാഞ്ച് ചെയ്‌തത്.