തിരുവനന്തപുരം:രണ്ടുതവണ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന നിബന്ധന കർശനമായി നടപ്പിലാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ഇതിന്‍റെ ഭാഗമായി അഞ്ച് മന്ത്രിമാർ മത്സരിക്കില്ല. സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ അടക്കം തുടർച്ചയായി രണ്ട് തവണ മത്സരിച്ച ആർക്കുംസീറ്റ് നല്‍കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു . എംഎൽഎമാരുടെ കാര്യത്തിലും രണ്ട് ടേം എന്ന നിബന്ധന കർശനമായി നടപ്പാക്കും. എംഎല്‍എമാരായ അയിഷാ പോറ്റി, രാജു എബ്രഹാം, എ പ്രദീപ് കുമാർ എന്നിവർക്കും സീറ്റില്ല. ധനമന്ത്രി തോമസ് ഐസക്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ, വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, നിയമ മന്ത്രി എ.കെ. ബാലൻ, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവരും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
രണ്ട് ടേം നിബന്ധന കർശനമായി നടപ്പാക്കാൻ സിപിഎം; അഞ്ച് മന്ത്രിമാർ മത്സരിക്കില്ല - കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021
എംഎൽഎമാരുടെ കാര്യത്തിലും രണ്ട് ടേം എന്ന നിബന്ധന കർശനമായി നടപ്പാക്കും
വ്യവസായ മന്ത്രി ഇ.പി ജയരാജൻ സംഘടനാ ചുമതലയിലേക്ക് മാറും. സിപിഎം സംസ്ഥാന സെക്രട്ടറിയായി ഇ.പി ജയരാജൻ എത്തുമെന്നാണ് സൂചന. ഇ.പി ജയരാജൻ മത്സരിച്ചിരുന്ന മട്ടന്നൂരിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ മത്സരിക്കും. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. 15 ഓളം എംഎൽഎമാർ ഇത്തരത്തിൽ മാറി നിൽക്കേണ്ടി വരും.
നിബന്ധനകളിൽ ഏതെങ്കിലും എംഎൽഎമാർക്ക് ഇളവ് നൽകണമെന്നത് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. വിജയസാധ്യത പൂർണമായി പരിഗണിച്ച് മാത്രമാകും ഇത്തരത്തിലൊരു ഇളവ് അനുവദിക്കുക. നാളെ ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാകും എംഎൽഎമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.