തിരുവനന്തപുരം :ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന് സിപിഎമ്മിന്‍റെ പൂര്‍ണ പിന്തുണ. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തതും ദത്ത് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും നിയമപ്രകാരമാണെന്നാണ് സിപിഎം വിലയിരുത്തല്‍.
ബലമായി കൊണ്ടുപോയി എന്നുപറഞ്ഞ അനുപമ തന്നെ, കുട്ടിയെ ശിശുക്ഷേമസമിതിയില്‍ എത്തിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ കുഞ്ഞിനെ ലഭിക്കുമ്പോള്‍ നിയമപ്രകാരം നടത്താറുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
മാസങ്ങള്‍ക്ക് ശേഷമാണ് ശിശുക്ഷേമ സമിതിയില്‍ ദത്ത് നടപടികള്‍ നടക്കുന്നത്. എന്നാല്‍ ഈ സമയത്ത് ആരും തന്നെ കുഞ്ഞിനെ അവകാശപ്പെട്ട് എത്തിയിട്ടില്ലെന്നാണ് സിപിഎം തിരുവനന്തപുരം ജില്ല കമ്മറ്റി വിശദീകരിക്കുന്നത്.
READ MORE:കുഞ്ഞിനെ കൈമാറിയത് നടപടിക്രമം പാലിച്ചെന്ന് ആരോഗ്യമന്ത്രി സഭയില്‍
ദത്തെടുത്തതുമായി ബന്ധപ്പെട്ട തിയ്യതിയും നടപടിക്രമങ്ങളും വെളിപ്പെടുത്താന്‍ ശിശുക്ഷേമ സമിതി സെക്രട്ടറിക്ക് നിയമപരമായി തടസമുണ്ട്. ശിശുക്ഷേമ സമിതിയുടെ വിശ്വാസ്യത തകര്‍ക്കുന്ന നിലപാടാണ് ചിലര്‍ സ്വീകരിക്കുന്നതെന്ന് ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.
ഷിജുഖാന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ നിയമസഭയിലും സ്വീകരിച്ചത്. നിയമപ്രകാരമുള്ള നടപടികളാണ് ശിശുക്ഷേമ സമിതി സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞിരുന്നു.
വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സിപിഎം പേരൂര്‍ക്കട ഏരിയ കമ്മിറ്റി യോഗവും ലോക്കല്‍ കമ്മിറ്റിയോഗവും ചേരുന്നുണ്ട്. വിവാദങ്ങളില്‍ പ്രതിസ്ഥാനത്തുള്ള അനുപമയുടെ അച്ഛനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ജയചന്ദ്രനെതിരെ സംഘടനാനടപടിക്ക് സാധ്യതയുണ്ട്.