തിരുവനന്തപുരം: മതവിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാകാതിരിക്കാൻ കൃത്യമായ ഇടപെടൽ നടത്താൻ സർക്കാരിന് സിപിഎം നിർദേശം. ഇന്ന് (വെള്ളി) ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇടപെടൽ ഉറപ്പാക്കാൻ സർക്കാരിന് നിർദേശം നൽകിയത്. പാലാ ബിഷപ്പിൻ്റെ നർക്കോട്ടിക്ക് ജിഹാദ് പരാമർശവും അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളും ചർച്ച ചെയ്‌ത ശേഷമാണ് സർക്കാർ ഇടപെടലിന് സിപിഎം നിർദേശിച്ചത്.
വിവാദ പരാമർശത്തിൻ്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെ ഗൗരവമായി കാണണം. മതനിരപേക്ഷത തകർക്കുന്ന സമീപനങ്ങളെ കർശനമായി ചെറുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി സർവകക്ഷി യോഗം വിളിക്കുന്നത് സർക്കാരിന് മുന്നിലുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കുകയാണെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.