തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ കത്തി നിൽക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എസ്എഫ്ഐ സംസ്ഥാന സമിതിയും ഇന്ന് ചേരും. അതേസമയം വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പി എം ആർഷോയോടും കെ എച്ച് ബാബുജാനോടും സിപിഎം വിശദീകരണം തേടിയിട്ടുണ്ട്. ഇരുവരും എകെജി സെന്‍ററില്‍ എത്തി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനുമായി കൂടിക്കാഴ്‌ച നടത്തിയതായും സിപിഎം നേതൃത്വം അതൃപ്‌തി അറിയിച്ചതായും സൂചനയുണ്ട്.
കായംകുളം എംഎസ്എം കോളജിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്‍റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദവും എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ പേരിൽ ഉയർന്ന വിവാദങ്ങളും അടക്കം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇന്ന് ചർച്ചയാകാനാണ് സാധ്യത. വിവാദങ്ങൾ ഉയർന്ന് രണ്ടാഴ്‌ചയിലധികം പിന്നിട്ടെങ്കിലും സംഭവത്തോട് പ്രതികരിക്കാൻ സിപിഎം നേതാക്കൾ ആരും തയാറായിട്ടില്ല.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എംഎസ്എം കോളജിൽ എം കോമിന് പ്രവേശനം നേടാൻ നിഖിൽ തോമസിനെ വഴിവിട്ട് സഹായിച്ചത് സിപിഎം നേതാവും സിൻഡിക്കേറ്റ് അംഗവുമായ ബാബുജാൻ ആണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതും സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയാകാൻ സാധ്യതയുണ്ട്. എസ്എഫ്ഐ നേതാക്കളുടെ പേരിൽ അടിക്കടി വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഇന്ന് എസ്എഫ്ഐ സംസ്ഥാന സമിതിയും ചേരുന്നത്.
Also Read:K H Babujan | 'ഒന്നും മറച്ചുവയ്‌ക്കാനില്ല'; നിഖിൽ തോമസിനായി ഇടപെട്ടിട്ടില്ലെന്ന് കെ എച്ച് ബാബുജാന്‍
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിന് ശേഷം ചേരുന്ന ആദ്യം യോഗം കൂടിയാണ് ഇത്. നിഖിൽ തോമസിന്‍റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് വ്യക്തത വരുന്നതിന് മുൻപ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വാർത്ത സമ്മേളനം നടത്തി നിഖിൽ തോമസിനെ ന്യായീകരിച്ചതിൽ സംഘടനയ്ക്കുള്ളിൽ തന്നെ ഭിന്ന അഭിപ്രായമാണുള്ളത്. അതേസമയം എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയെ ബുധനാഴ്‌ച രാത്രി കോഴിക്കോട് നിന്ന് പാലക്കാട് അഗളി പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.
അഗളി ഡിവൈഎസ്‌പി ഓഫിസില്‍ എത്തിച്ച വിദ്യയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് വിഷയത്തിൽ കേസെടുത്ത് 15 ദിവസങ്ങൾക്ക് ശേഷമാണ് വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അതേസമയം നിഖിൽ തോമസ് ഇപ്പോഴും ഒളിവിലാണ്. നിഖിലിനെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
Also Read:Fake certificate case| കെ വിദ്യയുടെ അറസ്റ്റ് ഇന്ന്; കേസ് രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് വിദ്യ, ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും