തിരുവനന്തപുരം :സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് (CPM State Secretariat) ഇന്ന് ചേരും. ഏക സിവില്‍ കോഡുമായി (uniform civil code) ബന്ധപ്പെട്ട രാഷ്ട്രീയ പ്രത്യാക്രമണങ്ങള്‍ ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ഏക സിവില്‍ കോഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാന്‍ ലീഗിനോട് അനുഭാവപൂര്‍വ്വമായ സമീപനമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (CPM State secretary M V Govindan) ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികരിച്ചത്.
എന്നാല്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം (CPM) മുസ്ലിം വിഭാഗത്തിന്റെ ആശങ്കകളെ രാഷ്ട്രീയമായി ലാഭമുണ്ടാക്കാനായി ഉപയോഗിക്കുന്നുവെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ (AICC General secretary K C Venugopal) ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച വിമര്‍ശനം.
ചർച്ചയാകുന്ന വിഷയങ്ങൾ : ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് നിലവില്‍ തുടരുന്ന ഈ സാഹചര്യം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും. വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും ഇടപെടലിനെ രാഷ്ട്രീയമായി നേരിടാനായുള്ള പ്രചാരണങ്ങള്‍ ഇന്നത്തെ യോഗം വിലയിരുത്തും. പ്രതിഷേധ സെമിനാറുകളും യോഗത്തിൽ ആസൂത്രണം ചെയ്തേക്കും.
പൗരത്വ ദേദഗതി മാതൃകയില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ശ്രമം. സമസ്തയെ സിപിഎം ക്ഷണിക്കുമെന്ന് എം വി ഗോവിന്ദനും (M V Govindan) പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മലബാര്‍ ഭാഗത്തെ രാഷ്ട്രീയ വ്യതിചലനങ്ങള്‍ മനസിലാക്കി മുസ്ലീം സംഘടനകളെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോവാനാണ് സിപിഎമ്മിന്റെ നയം. ലോക്സഭ തെരഞ്ഞെടുപ്പ് (Lok Sabha election) മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളും ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തും.