ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ സ്ഥാനാർത്ഥി പട്ടിക അന്തിമ രൂപത്തിലേക്ക്. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ അന്തിമ രൂപമുണ്ടാകുമെന്ന് കരുതിയെങ്കിലും പൊന്നാനി, കാസർകോട് മണ്ഡലങ്ങളിൽ തീരുമാനം നീളുകയാണ്.
ഘടകകക്ഷികൾക്ക് സീറ്റ് നൽകേണ്ടെന്ന് നേരത്തെ തന്നെ തീരുമാനമായിരുന്നു. വിജയ സാധ്യത മുൻ നിർത്തി മുതിർന്ന നേതാക്കളെയും സിറ്റിംഗ് എം.എൽ.എയെയും പലയിടത്തും പരിഗണിച്ചിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അനുമതിയോടെ ശനിയാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം.
അടിയൊഴുക്കുകൾ ശക്തമായ കാസർകോട് നിലനിർത്താൻ പി. കരുണാകരന് പകരം പ്രബലനായ മറ്റൊരു സ്ഥാനാർത്ഥി വരുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കുണാകരനൊഴികെ മറ്റെല്ലാ സിറ്റിംഗ് എം.പി.മാരേയും നിലനിർത്താനാണ് തീരുമാനം. ആലപ്പുഴയിൽ എ.എം. ആരിഫ്, പത്തനംതിട്ടയിൽ വീണ ജോര്‍ജ്ജ്, കോഴിക്കോട് എ. പ്രദീപ് കുമാര്‍ തുടങ്ങി എംഎൽഎമാരും മത്സരത്തിനിറങ്ങും. കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ കോട്ടയത്തും മത്സരിക്കും.
എന്നാൽ അക്രമ രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്ന പശ്ചാത്തലത്തിലും വീരേന്ദ്ര കുമാറിന്‍റെ തിരിച്ചു വരവിലും പി. ജയരാജന്‍റെ പരമ്പരാഗത വോട്ടിലും വിശ്വാസം അർപ്പിച്ച് വടകരയിൽ പി. ജയരാജനെ മത്സരിപ്പിക്കാനാണ് തീരുമാനം.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി. രാജീവ് എറണാകുളം മണ്ഡലത്തിലും കെ.എൻ. ബാലഗോപാൽ കൊല്ലത്തും മത്സരത്തിനുണ്ടാകും.മണ്ഡലം കമ്മിറ്റിയുടെ എതിർപ്പ് അവഗണിച്ചാണ് ചാലക്കുടിയിൽ ഇന്നസെന്‍റിന് വീണ്ടും അവസരം നല്‍കുന്നത്.